കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ സര്‍ക്കാര്‍ പിന്‍വലിച്ചത് 1,244 കേസുകള്‍; എറ്റവും കൂടുതല്‍ കേസുകള്‍ പിന്‍വലിച്ചത് കണ്ണൂര്‍ ജില്ലയിൽ; പിന്‍വലിച്ച കേസുകളുടെ കണക്കുപോലും അറിയാതെ മലപ്പുറം പോലീസ്

single-img
7 July 2015

fsg-crime-scene-response-unit-01തൃശ്ശൂര്‍: കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ പോലീസ് സ്റ്റേഷനുകളില്‍നിന്ന് സര്‍ക്കാര്‍ പിന്‍വലിച്ചത് 1,244 കേസുകള്‍. ഇതില്‍ ഒരു അബ്കാരി കേസും അഞ്ചു സ്ത്രീപീഡനക്കേസും ഉള്‍പ്പെടും. കൂടാതെ 447 കേസുകള്‍ പിന്‍വലിക്കാനുള്ള നടപടിക്രമങ്ങള്‍ നടക്കുകയാണ്. തൃശ്ശൂര്‍ എറവ് കുറ്റിച്ചിറ വീട്ടില്‍ വേണുഗോപാലിന് വിവരാവകാശ നിയമ പ്രകാരം ലഭിച്ച മറുപടിയിലാണ് ഇതുള്ളത്.

2010 മുതല്‍ ജനവരി ഒന്നുമുതല്‍ 2014 ഡിസംബര്‍ 31വരെയുള്ള കണക്കാണിത്. പിന്‍വലിച്ച കേസുകള്‍ മിക്കതും പോലീസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചവയാണ്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം എടുത്ത മുന്നൂറോളം കേസുകളും ഇതില്‍ ഉള്‍പ്പെടുന്നു. കണ്ണൂര്‍ ജില്ലയിലാണ് എറ്റവും കൂടുതല്‍ കേസുകള്‍ പിന്‍വലിക്കപ്പെട്ടത്. അവിടെ 243 കേസുകളാണ് അഞ്ചുവര്‍ഷത്തിനിടെ പിന്‍വലിച്ചത്.

കാസര്‍കോട്ട് നാലും തിരുവനന്തപുരത്ത് ഒന്നും സ്ത്രീപീഡനക്കേസുകള്‍ പിന്‍വലിച്ചു. കോട്ടയത്താണ് അബ്കാരി കേസ് പിന്‍വലിച്ചത്.  എത്ര കേസുകള്‍ പിന്‍വലിച്ചു എന്നതിന്റെ കണക്കുപോലും മലപ്പുറത്തെ പോലീസിന്റെ കൈവശമില്ല. പലപ്പോഴും വാദി അറിയാതെയാണ് കേസ് പിന്‍ലിക്കുന്നത്. കൊച്ചി സിറ്റി പോലീസിനു കീഴിലുള്ള 27 കേസുകള്‍ പിന്‍വലിച്ചത് ഇത്തരത്തില്‍ വാദി അറിയാതെയാണ്. പിന്‍വലിച്ച 1,244 കേസുകളില്‍ 1,094 എണ്ണവും കുറ്റപത്രം സമര്‍പ്പിച്ചുകഴിഞ്ഞവയാണ്.

കാസര്‍കോട് ജില്ലയില്‍ മാത്രം ഈ കാലയളില്‍ പിന്‍വലിച്ചത് 222 കേസുകളാണ്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം ചാര്‍ജ്ജ് ചെയ്ത 50 കേസുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു.