അക്രമവും വൈകൃതവും പ്രവർത്തിക്കുന്ന തീവ്രവാദ സംഘത്തെ ‘ ഇസ്ലാമിക് സ്റ്റേറ്റ്’ എന്ന് വിശേഷിപ്പിക്കാതെ ‘ദായിഷ്’ എന്ന് വിളിക്കണമെന്ന് പാശ്ചാത്യ ലോകം

single-img
7 July 2015

isisലണ്ടൻ: ഇറാഖും സിറിയയും ഉൾപ്പെടുന്ന ഭൂപ്രദേശത്തിൽ ഭീതിവിതച്ച് മുന്നേറുന്ന തീവ്രവാദ ഗ്രൂപ്പിനെ ‘ ഇസ്ലാമിക് സ്റ്റേറ്റ്’ എന്ന് വിശേഷിപ്പിക്കരുതെന്ന് പാശ്ചാത്യ ലോകം. അവർ സ്വയം സ്വീകരിച്ച ഇസ്ലാമിക് സ്‌റ്റേറ്റ് എന്ന പേര് മതത്തിന്റെ പരിഗണനകളിലൂടെ അവരുടെ മനുഷ്യത്വ രഹിതമായ പ്രവർത്തനങ്ങളെ ന്യായീകരിക്കാൻ ഇടയുണ്ടെന്നാണ് ചിലർ പറയുന്നത്.

ടുണീഷ്യയിലെ ബീച്ചിൽ വിദേശ സഞ്ചാരികളെ കൂട്ടത്തോടെ വെടിവച്ചുകൊന്ന സംഭവത്തിന് ശേഷം ‘ദായിഷ്’ എന്നാണ് ഈ തീവ്രവാദ സംഘത്തെ അറിയപ്പെടുന്നത്. ഇതിന് മുൻപ് തന്നെ അറേബ്യൻ മാധ്യമങ്ങൾ ഇവരെ ദായിഷ് എന്നാണ് വിളിക്കുന്നത്. ‘ദൗലത്ത് അൽ ഇസ്ലാമിയ ഫൽ ഇറാഖ് വ ബെലാദ് അൽഷാം’ എന്ന അറബി നാമത്തിന്റെ ചുരുക്കപ്പേരാണ് ദായിഷ്. നാശം എന്നയർത്ഥം വരുന്ന ‘ദാശ്’ എന്ന അറബി പദത്തിനോട് സാമ്യം വരുന്നതാണ് ഈ പ്രയോഗമെന്നും പറയപ്പെടുന്നു.

ഭൂഖണ്ഡങ്ങൾക്കും രാജ്യാതിർത്തികൾക്കും അതീതമായി ഒരു ഖലീഫേറ്റ് സ്ഥാപിക്കുക എന്നതാണ് തീവ്രവാദ ഗ്രൂപ്പിന്റെ ലക്ഷ്യം. ഇസ്ലാമിന്റെ പേരുള്ള സ്റ്റേറ്റ് എന്ന ആശയത്തെ തുടക്കം മുതൽ അറബ് രാജ്യങ്ങൾ എതിർത്തിരുന്നു

ഇപ്പോൾ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ അഭിപ്രായവും ഇതാണ്. ഐസിൽ എന്നായിരുന്നു ഇതുവരെ കാമറൂൺ തീവ്രവാദ സംഘത്തെ വിളിച്ചിരുന്നത്. പേര് കണ്ടെത്താൻ അൽപം വൈകിയെങ്കിലും ദായിഷ് എന്ന പദമാണ് അവർക്ക് യോജിച്ചതെന്ന് കാമറൂൺ പറയുന്നു.  ബി.ബി.സിയും ഇതേ പദത്തെ പിന്തുണക്കാൻ തീരുമാനിച്ചതായി അറിയുന്നു.

മതത്തിന്റെ പേരിൽ അധികാരം പിടിച്ചെടുക്കാൻ ക്രിമിനൽ സംഘം നടത്തുന്ന വൈകൃതങ്ങളെ ഇസ്ലാമിക് സ്റ്റേറ്റ് എന്ന പദത്തിലൂടെ അംഗീകരിക്കുന്നത് ശരിയല്ലെന്നാണ് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ടോണി അബട്ടിന്റെ അഭിപ്രായം. അതിനാൽ അവർ സ്വയം സ്വീകരിച്ച പേര് ആരും ഉപയോഗിക്കരുതെന്നും അദ്ദേഹം പറയുന്നു. അതൊരു സ്റ്റേറ്റല്ല, വൈകൃത മനസുകളുടെ കൂട്ടം മാത്രമാണെന്ന് അബട്ട് സൂചിപ്പിക്കുന്നു.