വ്യാപം അഴിമതിക്കേസില്‍ സി.ബി.ഐ അന്വേഷണത്തിന് സര്‍ക്കാര്‍ തയാർ- മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍

single-img
7 July 2015

SHIVRAJ_CHAUHANഭോപ്പാല്‍: വ്യാപം അഴിമതിക്കേസില്‍ സി.ബി.ഐ അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാണെന്നും ഇക്കാര്യം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ അപേക്ഷ നല്‍കുമെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍. ഇപ്പോഴത്തെ അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തിലാണ് നടക്കുന്നത്. അതിനാൽ തനിക്ക് സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടാനാകില്ല. അതുകൊണ്ടാണ് ഹൈക്കോടതിയോട് ഇക്കാര്യം ആവശ്യപ്പെടുന്നുതെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ സുപ്രീം കോടതിയുടെ മേല്‍നോട്ടത്തിലുള്ള സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി കോടതി വ്യാഴാഴ്ച പരിഗണിക്കാനിരിക്കെയാണ് ചൗഹാന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ഭോപ്പാലില്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തില്‍ ഭരണാധികാരി സംശയത്തിനതീതനായിരിക്കണം. ജനങ്ങളുടെ മനസില്‍ ഇപ്പോള്‍ ചില സംശയങ്ങളുണ്ട്. അത് ദുരീകരിക്കപ്പെടേണ്ടതുണ്ട്. ജനങ്ങളുടെ ആഗ്രഹത്തിന് മുന്നില്‍ താന്‍ തലകുനിക്കുന്നു. അതുകൊണ്ട് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിക്ക് കത്തയക്കുമെന്നും ചൗഹാന്‍ അറിയിച്ചു. വ്യാപം അഴിമതിയുമായി ബന്ധപ്പെട്ട് അടുത്തടുത്ത ദിവസങ്ങളില്‍ നാലു പേര്‍ മരിച്ചതോടെ സി.ബി.ഐ അന്വേഷണത്തിനു വേണ്ടിയുള്ള മുറവിളി ശക്തമായിരുന്നു.

സംഭവത്തില്‍ സി.ബി.ഐ അന്വേഷണം വേണ്ടെന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ കുടുംബവും ഗവര്‍ണറുടെ വസതിയുംവരെ ആരോപണത്തിലുള്‍പ്പെട്ടിട്ടുണ്ട്.  വ്യാപം അഴിമതി സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ സി.ബി.ഐ. അന്വേഷിക്കണമെന്നാണ് കോണ്‍ഗ്രസ്സിന്റെ ആവശ്യം. സി.ബി.ഐ. അന്വേഷണമാവശ്യപ്പെട്ട് എ.എ.പി.യും രംഗത്തെത്തിയിരുന്നു.

വ്യാപം അഴിമതിയുടെ ചരിത്രം 2007-ലാണ് തുടങ്ങുന്നത്. 2013-ല്‍ മാത്രമാണ് ഇതിന്റെ ചില വിശദാംശങ്ങള്‍ പുറത്തുവന്നതും അന്വേഷണം ആരംഭിച്ചതും. 2000 കോടിയിലേറെ രൂപയാണ് കൈക്കൂലിയായി നല്‍കപ്പെട്ടതെന്ന് കണ്ടെത്തി. രണ്ടായിരത്തോളം പേരെ അറസ്റ്റുചെയ്തു. എഴുനൂറോളം പേര്‍ക്കായി തിരച്ചില്‍ നടക്കുന്നു.

ദേശീയശ്രദ്ധയില്‍ അത്ര ശ്രദ്ധിക്കപെടാതെ പോയ കേസ് ഇതിലുള്‍പ്പെട്ടവരുടെ ദുരൂഹമരണം പുറത്തായതോടെയാണ് വാര്‍ത്തയായത്. മരിച്ചവരിലേറെയും 25-നും 30-നുമിടയില്‍ പ്രായമുള്ളവരാണ്.  ഗവര്‍ണര്‍ രാംനരേഷ് യാദവിന്റെ മകന്‍ ശൈലേഷ് യാദവിന്റെ മരണമാണ് ഇതില്‍ പ്രധാനം.