വ്യാപം നിയമന തട്ടിപ്പ്; എസ്‌ഐ ട്രെയിനായായ യുവതി ദുരൂഹസാഹചര്യത്തിൽ മരിച്ചു; മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെ പരസ്യമായി പിന്തുണച്ച് ബിജെപി; സിബിഐ അന്വേഷണം വേണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്

single-img
7 July 2015

VYAPAM SCAM PROTEST_0_0_0_0_0ന്യൂഡല്‍ഹി: മധ്യപ്രദേശിലെ വ്യാപം നിയമന അഴിമതിയുമായി ബന്ധപ്പെട്ടു പോലീസ് എസ്‌ഐ ട്രെയിനായായ യുവതി ദുരൂഹസാഹചര്യത്തിൽ മരിച്ചു. ഇതോടെ ദുരൂഹമരണസംഖ്യ 46 ആയി. വ്യാപം റിക്രൂട്ട്‌മെന്റിലൂടെ കഴിഞ്ഞ വര്‍ഷം ജോലി ലഭിച്ച സബ് ഇന്‍സ്‌പെക്ടര്‍ ട്രെയിനി അനാമിക കുശ്‌വാഹയെയാണ് സാഗര്‍ ജില്ലയില്‍ പോലീസ് ട്രെയിനിംഗ് അക്കാഡമിക്കു സമീപം കനാലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അതേ സമയം, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനു ബി ജെപി പരസ്യപിന്തുണ പ്രഖ്യാപിച്ചു. സിബിഐ അന്വേഷണത്തിനു തങ്ങള്‍ ഉദ്ദേശിക്കുന്നില്ലെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് അറിയിച്ചു.

അഴിമതി വിവരങ്ങള്‍ പുറത്തുകൊണ്ടുവന്ന മാധ്യമപ്രവർത്തകൻ അക്ഷയ് സിംഗ്, കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തെ സഹായിച്ച ജബല്‍പൂര്‍ മെഡിക്കല്‍ കോളജ് ഡീന്‍ ഡോ.അരുണ്‍ ശര്‍മ എന്നിവരുടേതിനു പിന്നാലെയാണ് ഈ ദുരൂഹമരണം. ഈ മരണം അഴിമതിയുമായി ബന്ധമുള്ളതല്ലെന്നാണ് മധ്യപ്രദേശ് സര്‍ക്കാരിന്റെ വിശദീകരണം. എല്ലാ മരണങ്ങളും വ്യാപവുമായി ബന്ധിപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുകയാണെന്നു മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ആരോപിച്ചു.

വ്യാപം ക്രമക്കേട് സംബന്ധിച്ച അന്വേഷണം ഹൈക്കോടതിയോ സുപ്രീംകോടതിയോ നിര്‍ദേശിച്ചാല്‍ മാത്രം സിബിഐയെകൊണ്ട് അന്വേഷിപ്പിക്കാന്‍ തയാറാണെന്നു മുഖ്യമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗും വ്യക്തമാക്കി. അതേസമയം, ചൗഹാന്‍ മാറിനിന്നു കോടതിയുടെ മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും, പ്രതിഷേധം ശക്തമാക്കി.

മധ്യപ്രദേശ് ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷണം നടത്തുന്നത്. എസ്‌ഐടിയുടെ പ്രവര്‍ത്തനത്തില്‍ തൃപ്തിയില്ലെങ്കില്‍ അതു വ്യക്തമാക്കേണ്ടതു കോടതിയാണ്. തുടര്‍ന്നു മറ്റൊരു ഏജന്‍സി അന്വേഷിക്കണമെന്ന് ഹൈക്കോടതിയോ സുപ്രീം കോടതിയോ വേണം ആവശ്യപ്പെടാന്‍. സിബിഐ അന്വേഷണം ആവശ്യപ്പെട്ടു സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതിയും സുപ്രീം കോടതിയും തള്ളിക്കളഞ്ഞതാണെന്നും രാജ്‌നാഥ് വിശദമാക്കി.

കേസുമായി ബന്ധപ്പെട്ട് ഏതു വെല്ലുവിളിയും നേരിടാന്‍ താന്‍ തയാറാണെന്നും ചൗഹാന്‍ അറിയിച്ചു. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെയും ഗവര്‍ണര്‍ രാം ന രേശ് യാദവിനെയുമൊക്കെ ആരോപണമുനയില്‍ നിര്‍ത്തിയിരിക്കുന്നതാണു വ്യാപം അഴിമതിയില്‍ രണ്ടായിരത്തോളം പേരാണ് അറസ്റ്റിലായത്.