ബോണക്കാട്ടെ തോട്ടം തൊഴിലാളികളുടെ ദുരിത ജീവിതത്തിന് പരിഹാരം തേടി അരുവിക്കരയുടെ കന്നിക്കാരന്റെ സബ്മിഷൻ

single-img
7 July 2015

sabari-nathതിരുവനന്തപുരം: ബോണക്കാട്ടെ തോട്ടം തൊഴിലാളികളുടെ ദുരിത ജീവിതത്തിന് പരിഹാരം തേടി അരുവിക്കരയുടെ പുതിയ എം.എല്‍.എ കെ.എസ്. ശബരീനാഥ് നിയമസഭയിൽ സബ്മിഷൻ കൊണ്ടുവന്നു. ഭരണപക്ഷം ഡസ്ക്കിലിടിച്ച് പ്രോത്സാഹിപ്പിച്ചു. പുതുമുഖത്തിന്‍െറ സബ്മിഷനാണെന്ന മുഖവുര സ്പീക്കര്‍ എന്‍. ശക്തനും നല്‍കി. പ്രസംഗം പൂര്‍ത്തിയാക്കിയപ്പോള്‍ എല്ലാവരും അഭിനന്ദിക്കുകയും ചെയ്തു.

ബോണക്കാട് എസ്റ്റേറ്റിലെ തൊഴിലാളികള്‍ക്ക് സൗജന്യ റേഷനും ആനുകൂല്യങ്ങളും അനുവദിക്കണമെന്നും സര്‍ക്കാര്‍ തോട്ടം ഏറ്റെടുത്ത് ശാശ്വത പരിഹാരമുണ്ടാക്കണമെന്നും ശബരീനാഥന്‍ ആവശ്യപ്പെട്ടു. സൗജന്യ റേഷന്‍ അനുവദിക്കുമെന്നും ഫാക്ടറി സര്‍ക്കാര്‍ ഏറ്റെടുക്കുന്ന കാര്യത്തില്‍ ഫലപ്രദമായ നിര്‍ദേശം വന്നാല്‍ നടപടി കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മറുപടി നല്‍കി.

മന്ത്രി ഷിബുബേബിജോണിന്‍െറ മറുപടിയില്‍ ഇടപെട്ടാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ആദ്യ സബ്മിഷനില്‍ തന്നെ ഏറ്റവും ദുരിതമനുഭവിക്കുന്ന തൊഴിലാളികളുടെ വിഷയം ഉയര്‍ത്തിയതില്‍ ശബരീനാഥനെ അഭിനന്ദിക്കുകയാണെന്ന്  മന്ത്രി ഷിബു ബേബിജോണ്‍ മറുപടിയിൽ പറഞ്ഞു.