താന്‍ കൊല്ലപ്പെട്ടാലും വ്യാപം കേസിൽ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ഉൾപെടെയുള്ള വമ്പന്‍മാരുടെ പേര് പുറത്ത് കൊണ്ടുവരുമെന്ന് ആശിഷ് ചതുര്‍വേദി

single-img
7 July 2015

chathurഗ്വാളിയോര്‍: താന്‍ കൊല്ലപ്പെട്ടാലും മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍തൊട്ടുള്ള വമ്പന്‍മാരുടെ പേര് പുറത്ത് കൊണ്ടുവരുമെന്ന് വ്യാപം തട്ടിപ്പ് വെളിപ്പെടുത്തിയവരിലൊരാളായ ആശിഷ് ചതുര്‍വേദി. തട്ടിപ്പ് പുറത്തുകൊണ്ടുവന്നുവെന്ന കാരണത്താല്‍ വധഭീഷണിയും പലതവണ വധശ്രമവും നേരിട്ടുണ്ട്. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനുള്‍പ്പെടെയുള്ള വമ്പന്‍മാര്‍ക്ക് വ്യാപം അഴിമതിയുമായി ബന്ധമുണ്ടെന്നും എന്‍.ഡി.ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

ചതുര്‍വേദിയുള്‍പ്പെടെ നാലു പേരുടെ ഇടപെടലാണ് അഴിമതിക്കേസില്‍ അന്വേഷണത്തിന് ഇടയാക്കിയത്. ഗ്വാളിയോറിലെ കോടതി അടുത്തിടെ ഇദ്ദേഹത്തിന് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തി. ഭീഷണി ശക്തമായതിനാല്‍ കൂടുതല്‍ സംരക്ഷണം തേടിയിരിക്കുകയാണ് ഇദ്ദേഹം. ശനിയാഴ്ച മരിച്ച ടി.വി. റിപ്പോര്‍ട്ടര്‍ അക്ഷയ് സിങ്ങിനോട് മരണത്തിന് രണ്ടുമണിക്കൂര്‍ മുമ്പും ചതുര്‍വേദി സംസാരിച്ചിരുന്നു. ശക്തരായ ആളുകള്‍ക്ക് അഴിമതിയിലുള്ള പങ്ക് വെളിപ്പെടുത്തുന്ന തെളിവുകള്‍ ശേഖരിച്ചുവരികയായിരുന്നു അദ്ദേഹമെന്ന് ചതുര്‍വേദി പറഞ്ഞു.

2009ല്‍ നാട്ടിലെ ആശുപത്രിയില്‍ അമ്മയുടെ ചികിത്സയ്‌ക്കെത്തിയതാണ് വ്യാപം അഴിമതി പുറത്തുകൊണ്ടുവരാന്‍ കാരണമായത്. ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്ക് രോഗങ്ങളെയും ചികിത്സയെയുംകുറിച്ചുള്ള അടിസ്ഥാനവിവരങ്ങള്‍പോലുമില്ലെന്ന് ചതുര്‍വേദിക്ക് മനസ്സിലായി. വിവരാവകാശ നിയമമുപയോഗിച്ച് അന്നുമുതല്‍ നടത്തിയ അന്വേഷണമാണ് വ്യാപം അഴിമതി പുറത്തുകൊണ്ടുവന്നത്.

ഇതിന്റെ ചുവടുപിടിച്ചാണ് 2013ല്‍ പോലീസ് കേസന്വേഷണമാരംഭിച്ചത്. സ്വകാര്യ മെഡിക്കല്‍, ഡെന്റല്‍ കോളേജുകളിലേക്ക് നടന്ന പ്രവേശനപ്പരീക്ഷയിലെ ക്രമക്കേടുകളില്‍ അന്വേഷണമാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ കേസുകൊടുത്തിട്ടുണ്ടെന്നും ചതുര്‍വേദി പറഞ്ഞു.