ലളിത് മോഡിക്കെതിരെ രാഷ്ട്രപതി ഭവൻ ഡൽഹി പൊലീസിൽ പരാതി നൽകി

single-img
6 July 2015

Lalit-modiന്യൂഡൽഹി: ലളിത് മോഡിക്കെതിരെ രാഷ്ട്രപതി ഭവൻ ഡൽഹി പൊലീസിൽ പരാതി നൽകി. രാഷ്ട്രപതിയുടെ സെക്രട്ടറിയായ ഒമിത പോളിനെതിരെ മോഡി ട്വിറ്ററിൽ നടത്തിയ പരാമർശങ്ങൾക്കെതിരെയാണ് രാഷ്ട്രപതി ഭവൻ പരാതി നൽകിയിരിക്കുന്നത്. ഒമിത പോളിന് ചില ഹവാല ഇടപാടുകാരുമായി ബന്ധമുണ്ടെന്നാണ് ലളിത് മോഡി കഴിഞ്ഞ മാസം 23ന്  ട്വീറ്റ് ചെയ്തത്. നിരവധി നേതാക്കൾക്കെതിരെ മോഡി ട്വിറ്ററിലൂടെ വെളിപ്പെടുത്തലുകളും പരാമർശങ്ങളും നടത്തുന്നുണ്ടെങ്കിലും ഇതാദ്യമായിട്ടാണ് കേസ് ഫയൽ ചെയ്യപ്പെടുന്നത്.

ഹവാല ഇടപാടുകൾ  നടത്തുന്ന വ്യവസായിയായ വിവേക് നാഗപാലുമായുള്ള ഒമിത പോളിന്റെ ബന്ധമെന്താണെന്ന് വ്യക്തമാക്കണമെന്നും മോഡി ട്വീറ്റ് ചെയ്തിരുന്നു. മോഡിയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് അന്നു തന്നെ രാഷ്ട്രപതി ഭവൻ വാർത്താക്കുറിപ്പ് ഇറക്കിയിരുന്നു. പിന്നാലെയാണ് പരാതി നൽകാൻ തീരുമാനിച്ചത്.
മോഡിയുടെ ട്വിറ്റർ പേജ് ബ്ളോക്ക് ചെയ്യുന്നതിന് കോടതിയെ സമീപിക്കാനും സാദ്ധ്യതയുണ്ട്. സോഷ്യൽ മീഡിയയിലെ പരാമർശങ്ങൾക്കെതിരെ ക്രിമിനൽ കേസ് എടുത്തിരുന്ന ഐ.ടി നിയമത്തിലെ 66 എ വകുപ്പ് സുപ്രീംകോടതി അടുത്തിടെയാണ് റദ്ദാക്കിയത്. ഈ സാഹചര്യത്തിൽ ഏത് വകുപ്പിൽ കേസ് രജിസ്റ്റർ ചെയ്യണമെന്ന കാര്യത്തിൽ ഡൽഹി പൊലീസ് നിയമോപദേശം തേടിയിട്ടുണ്ട്.