യൂറോപ്യന്‍ യൂണിയന്‍റെ നിര്‍ദേശങ്ങള്‍ ഗ്രീസ് ജനത ഹിതപരിശോധനയിലൂടെ തള്ളി; ഗ്രീസ് യൂറോപ്യന്‍ യൂണിയനിൽ നിന്നും പുറത്തായേക്കും

single-img
6 July 2015

greeceഏതന്‍സ്:യൂറോപ്യന്‍ യൂണിയന്‍റെ നിര്‍ദേശങ്ങള്‍ ഗ്രീസ് ജനത ഹിതപരിശോധനയിലൂടെ തള്ളി. 61.3 ശതമാനം പേരാണ് സര്‍ക്കാരിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയത്. 38.7 ശതമാനം പേര്‍ യൂറോപ്യന്‍ യൂണിയന്‍ കടപ്രതിസന്ധി പരിഹരിക്കാന്‍ നിര്‍ദ്ദേശങ്ങള്‍ മാനിക്കണമെന്ന് രേഖപ്പെടുത്തി. യൂറോപ്പില്‍ ജനാധിപത്യവും ഐക്യവും പുലരാനുള്ള ജനവിധിയെന്നാണ് ഗ്രീസ് പ്രധാനമന്ത്രി അലക്‌സിസ് സിപ്രസ് ഇതിനെ വിശേഷിപ്പിച്ചത്.

രാജ്യാന്തരവായ്പ നേടാന്‍ കടുത്ത നിബന്ധനകള്‍ അംഗീകരിക്കേണ്ടെന്ന ശക്തമായ പ്രചാരണമാണ് ഭരണകക്ഷിയായ സിരിസ പാര്‍ട്ടിനടത്തിയത്. യൂറോപ്യന്‍ യൂണിയന്റെ കനത്ത സമ്മര്‍ദം മറികടന്നാണ് ഗ്രീക്ക് ജനത അഭിപ്രായം രേഖപ്പെടുത്തിയത്. ജനവിധി സര്‍ക്കാറിന് അനുകൂലമായതോടെ യൂറോസോണില്‍ നിന്ന് ഗ്രീസ് പുറത്തായേക്കും. യൂറോസോണിലെ രാജ്യങ്ങളുടെ ഉച്ചകോടി നാളെ നടക്കുന്നുണ്ട്. ആദ്യഫലസൂചനകള്‍ വന്നപ്പോള്‍ത്തന്നെ ഡോളറിനെതിരെ യൂറോയുടെ മൂല്യം 1.20 ശതമാനം ഇടിഞ്ഞു.

ഹിതപരിശോധനഫലം വിലയിരുത്താന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലാദും ജര്‍മന്‍ ചാന്‍സലര്‍ ആംഗേല മെര്‍ക്കലും പാരീസില്‍ കൂടിക്കാഴ്ച നടത്തും. ഞായറാഴ്ച ഇന്ത്യന്‍ സമയം രാത്രി 9.30ഓടെയാണ് ഹിതപരിശോധന അവസാനിച്ചത്. ഒരു കോടിയിലേറെ പേര്‍ അഭിപ്രായം രേഖപ്പെടുത്തി. ഹിതപരിശോധനഫലത്തെ ഇന്ത്യയും ഉത്കണ്ഠയോടെയാണ് കാണുന്നത്.

ഗ്രീസ് യൂറോ മേഖലയില്‍നിന്ന് പുറത്തായാല്‍ ഇന്ത്യയുടെ എന്‍ജിനീയറിങ്, ഫാര്‍മ, വസ്ത്ര കയറ്റുമതികളെ പ്രതികൂലമായി ബാധിച്ചേക്കും. ഗ്രീക്ക് പ്രതിസന്ധി രൂക്ഷമായിത്തുടങ്ങിയ കഴിഞ്ഞ ആഴ്ചയുടെ ആദ്യഘട്ടത്തില്‍ ഇന്ത്യന്‍ ഓഹരിവിപണി നഷ്ടം രേഖപ്പെടുത്തിയിരുന്നു. പ്രതിസന്ധി കൂടുതല്‍ രൂക്ഷമായാല്‍ ഓഹരിവിപണി വീണ്ടും നഷ്ടത്തില്‍ കലാശിച്ചേക്കും. യൂറോയുടെ മൂല്യത്തകര്‍ച്ച രൂപയുടെ വിലയിടിവിനും കാരണമായേക്കും.