നായയുടെ പേരില്‍ ആധാര്‍ കാര്‍ഡെടുത്ത സൂപ്പര്‍വൈസര്‍ പിടിയിൽ

single-img
3 July 2015

Dogs-Aadhar-Cardഭിന്ദ്: നായയുടെ പേരില്‍ ആധാര്‍ കാര്‍ഡെടുത്ത സൂപ്പര്‍വൈസര്‍ പിടിയിൽ. മധ്യപ്രദേശിലെ ഭിന്ദ് ജില്ലയിലെ ഉംമ്രിയില്‍ ആധാര്‍ എന്റോള്‍മെന്റ് ഏജന്‍സിയിലെ സൂപ്പര്‍വൈസറായ അസം ഖാനാണ് നായയുടെ പേരില്‍ ആധാര്‍ കാര്‍ഡ് എടുത്തതിന് അറസ്റ്റിലായത്.

ടോമി സിംഗ് എന്ന നായയുടെ പേരിലാണ് അസം ഖാന്‍ ആധാര്‍ കാര്‍ഡിന് അപേക്ഷ നല്‍കിയത്. അച്ഛന്റെ പേര് ഷേരു സിംഗ് എന്നും 2009 നവംബര്‍ 26 ന് ജനിച്ചതായും അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നു.

കിറ്റി ഗ്രാമവാസി നല്‍കിയ പരാതിയിലാണ് അറസ്റ്റ്. തങ്ങള്‍ക്ക് ഖാന്റെ ഏജന്‍സിയില്‍ നിന്നും ആധാര്‍ കാര്‍ഡ് ലഭിക്കുന്നില്ലെന്നും അവിടെ മൃഗങ്ങള്‍ക്ക് മാത്രമാണ്  കാര്‍ഡ് നല്‍കുന്നതെന്നുമായിരുന്നു ഇയാളുടെ പരാതി.  തുടര്‍ന്ന് സംഭവത്തെ കുറിച്ച് അന്വേഷിച്ച പോലീസ് പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. അസംഖാന്റെ കൈയ്യില്‍ നിന്നും നായയുടെ പേരിലുള്ള കാര്‍ഡും പോലീസ് കണ്ടെടുത്തു.

ഇയാള്‍ക്കെതിരെ വ്യാജരേഖ ചമയ്ക്കലിന് കേസെടുത്തിട്ടുണ്ടെന്ന് പോലിസ് പറഞ്ഞു.  മൃഗങ്ങളുടെ പേരിലോ മറ്റാരുടെയെങ്കിലും പേരിലോ ഇയാള്‍  അനധികൃതമായോ കാര്‍ഡ് തയ്യാറാക്കിയിട്ടുണ്ടോ എന്നറിയാന്‍ ഖാനെ പോലീസ് ചോദ്യം ചെയ്യുന്നുണ്ട്.