അഴിമതി വിരുദ്ധ ജനാധിപത്യമുന്നണിയുടെ ചെയര്‍മാന്‍ സ്ഥാനം രാജിവെക്കുന്നതായി പിസി ജോര്‍ജ്

single-img
3 July 2015

pc-georgeതിരുവനന്തപുരം: അരുവിക്കരയില്‍ കെട്ടിവെച്ച കാശുപോയതിനാല്‍ സ്വയം രൂപവത്കരിച്ച അഴിമതി വിരുദ്ധ ജനാധിപത്യമുന്നണിയുടെ ചെയര്‍മാന്‍ സ്ഥാനം രാജിവെക്കുന്നതായി പിസി ജോര്‍ജ് പത്രസമ്മേളനത്തില്‍ അറിയിച്ചു.

ജാതിസംഘടനകള്‍ രൂപവത്കരിക്കുന്ന ഇത്തരം പാര്‍ട്ടികള്‍ക്ക് രാഷ്ട്രീയത്തില്‍ ശരിയായി പ്രവര്‍ത്തിക്കാനാവില്ലെന്ന് ഇപ്പോള്‍ തിരിച്ചറിഞ്ഞു. മുന്നണി പിരിച്ചുവിടുന്ന കാര്യം കമ്മിറ്റി തീരുമാനിക്കട്ടെയെന്ന് ജോര്‍ജ് പറഞ്ഞു.

വലിയ അവകാശവാദങ്ങളോടെ ജോര്‍ജ് നിര്‍ത്തിയ അഴിമതി വിരുദ്ധമുന്നണി സ്ഥാനാര്‍ഥി കെ.ദാസിന് അരുവിക്കരയില്‍ ആയിരത്തോളം വോട്ടുകള്‍ മാത്രമാണ് കിട്ടിയത്.

ജോര്‍ജ് പശ്ചാത്തപിച്ച് തിരിച്ചെത്തിയാല്‍ എന്തുവേണമെന്ന് തീരുമാനിക്കാമെന്ന് രാവിലെ പറഞ്ഞ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ ഉച്ചയ്ക്ക് അത് തിരുത്തി.  ജോര്‍ജിന് മുന്നില്‍ വാതിലുകള്‍ അടഞ്ഞെന്നും ഇനി തുറക്കേണ്ടതില്ലെന്നാണ് പാര്‍ട്ടി നിലപാടെന്നും ഉണ്ണിയാടന്‍ പറഞ്ഞു.

ഉണ്ണിയാടന്റെ തലയ്ക്ക് എന്തോ കുഴപ്പമുണ്ടെന്ന് ജോര്‍ജ് പ്രതികരിച്ചു. താനിപ്പോഴും യു.ഡി.എഫിന്റെയും മാണി ഗ്രൂപ്പിന്റെയും ഭാഗമാണ്. തന്നെ അയോഗ്യനാക്കുന്നെങ്കില്‍ ആക്കട്ടെ. എന്നാല്‍ രാജിവെയ്ക്കുന്ന പ്രശ്‌നമില്ലെന്നും ജോര്‍ജ് പറഞ്ഞു.