കേന്ദ്രമന്ത്രിക്കുവേണ്ടി വ്യോമസേന ഉദ്യോഗസ്ഥനെയും കുടുംബത്തേയും വിമാനത്തില്‍ നിന്നും ഇറക്കിവിട്ട സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എയര്‍ ഇന്ത്യയോട് വിശദീകരണം ആവശ്യപ്പെട്ടു

single-img
2 July 2015

modi

കേന്ദ്ര ആഭ്യന്തര സഹമന്ത്രി, കിരണ്‍ റിജ്ജു, ജമ്മു കശ്മീര്‍ ഉപമുഖ്യമന്ത്രി നിര്‍മല്‍ സിങ് എന്നിവര്‍ക്കു വേണ്ടി യാത്രചെയ്യാനിരുന്ന ഉദ്യോഗസ്ഥനെയും കുടുംബത്തെയും എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ട സംഭവത്തില്‍ പ്രധാനമന്ത്രി വിശദീകരണം തേടി. സിവില്‍ വ്യോമയാന മന്ത്രാലയവും എയര്‍ ഇന്ത്യയും വിശദീകരണം നല്‍കണമെന്നാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.

കഴിഞ്ഞ മാസം 24ന് ജമ്മു കശ്മീരിലെ ലേയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാനത്തിലായിരുന്നു സംഭവം. രാവിലെയുള്ള സിന്ധു ദര്‍ശന്‍ ഉല്‍സവത്തില്‍ പങ്കെടുത്തശേഷം കേന്ദ്രമന്ത്രിയും ഉപമുഖ്യമന്ത്രിയും എത്തിയപ്പോഴാണ് ഉദ്യോഗസ്ഥനെയും കുടുംബത്തെയും വിമാനത്തില്‍ നിന്ന് ഇറക്കിയതെന്നാണ് പറയുന്നത്. മന്ത്രിമാര്‍ക്കു വേണ്ടി വിമാനം വൈകിപ്പിച്ചെന്നും ആരോപണമുണ്ട്. ഇവര്‍ക്കുവേണ്ടി ഒരു മണിക്കൂറോളമാണ് വിമാനം വൈകിപ്പിച്ചത്.

പക്ഷേ മൂന്നംഗ കുടുംബത്തെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടെന്ന ആരോപണം തെറ്റാണെന്ന് വ്യോമസേന പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. യാത്രക്കാരായ ജി.വി.ശ്രീനിവാസ്, ഭാര്യ ജി.വി.നീലം, മകന്‍ ധ്രുവ് ആര്യന്‍ എന്നിവര്‍ വൈകിയെത്തിയതിനാല്‍ ഇവരെ വിമാനത്തില്‍ കയറ്റിയിരുന്നില്ല. മാത്രമല്ല, എയര്‍ ഇന്ത്യ വിമാനത്തിന്റെ പൈലറ്റിനോട് വിഐപിയെ കാത്തിരിക്കണമെന്നും നിര്‍ദേശം നല്‍കിയിരുന്നുവെന്നും വ്യോമസേനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.