സി.പി.എമ്മിന്റെ ഉരുക്ക് കോട്ടയായ ത്രിപുരയില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ രണ്ട് സീറ്റിലും കോണ്‍ഗ്രസിനെ മുന്നാം സ്ഥാനത്തേക്ക് പിന്തള്ളി ബി.ജെ.പി രണ്ടാം സ്ഥാനത്തെത്തി

single-img
1 July 2015

cpim-med

സി.പി.എമ്മിന്റെ ഉരുക്ക് കോട്ടയായ ത്രിപുരയില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ രണ്ട് സീറ്റിലും കോണ്‍ഗ്രസിനെ മുന്നാം സ്ഥാനത്തേക്ക് പിന്തള്ളി ബി.ജെ.പി രണ്ടാം സ്ഥാനത്തെത്തി. സംവരണ മണ്ഡലങ്ങളായ പ്രതാപ്ഗഡിസും സുര്‍മയിലുമായി നടന്ന ഉപതെരഞ്ഞെടുപ്പിലാണ് സിപിഎം വന്‍ ഭൂരിപക്ഷത്തില്‍ജയിച്ചത്. പ്രതാപ്ഗഢില്‍ സിപിഎം പ്രതിനിധി രാമുദാസ് ബിജെപി സ്ഥാനാര്‍ഥി മൗസമി ദാസിനെ 17,326 വോട്ടിന് പരാജയപ്പെടുത്തിയപ്പോള്‍ സുര്‍മ മണ്ഡലത്തില്‍ അഞ്ജന്‍ദാസ് ബിജെപിയുടെ തന്നെ അശിഷ് ദാസിനെ 15,309 വോട്ടിനാണ് പരാജയപ്പെടുത്തിയത്.

രണ്ടു മണ്ഡലത്തിലും ബി.ജെ.പിയുടെ കുതിച്ചുചാട്ടമാണ് കണ്ടത്. പ്രതാപ്ഗഢില്‍ ഇത് തുടര്‍ച്ചയായി ഒന്‍പതാം തവണയാണ് സിപിഎം ജയിക്കുന്നതെങ്കിലും മുഖ്യ എതിരാളിയായ കോണ്‍ഗ്രസിനെ മുന്നാം സ്ഥാനമത്തക്ക് തള്ളി ബി.ജെ.പി മത്സരം കയ്യടക്കിയത് പാര്‍ട്ടിക്ക് അസ്വസ്തതയുണ്ടാക്കുന്നുണ്ട്. മന്ത്രി അനില്‍ സര്‍ക്കാരിന്റെ മരണത്തെ തുടര്‍ന്നാണ് പ്രതാപ്ഗഢില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. കഴിഞ്ഞ തവണ ബിജെപിക്ക് 408 വോട്ടുകളാണ് ഇവിടെ ലഭിച്ചത്.

സുര്‍മ മണ്ഡലത്തില്‍ സിപിഎമ്മിന്റെ അഞ്ജന്‍ദാസ് 23,275 വോട്ടുകള്‍ നേടിയപ്പോള്‍ ബിജെപി സ്ഥാനാര്‍ഥിക്ക് കിട്ടിയത് 7966 വോട്ടുകളാണ്. മണ്ഡലത്തിലെ സി.പി.എം എം്എല്‍.എയായിരുന്ന സുധീര്‍ദാസ് മരിച്ചതോടെയാണ് ഇവിടെ തിരഞ്ഞെടുപ്പ് വേണ്ടിവന്നത്.