മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ കൈയ്യേറ്റം; അടിയന്തരപ്രമേയ അവതരണാനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി

single-img
1 July 2015

ramesh chennithalaതിരുവനന്തപുരം: അരുവിക്കരയിലെ വോട്ടെണ്ണലിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ കൈയ്യേറ്റമുണ്ടായ വിഷയത്തില്‍ അടിയന്തരപ്രമേയം അവതരിപ്പിക്കാനുള്ള അനുമതി സ്പീക്കര്‍ നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി. സംസ്ഥാനത്ത് മാധ്യമങ്ങള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യമുണ്ടെന്ന് പ്രമേയത്തിന് മറുപടിയായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കും. തെറ്റായ വാര്‍ത്തകള്‍ വന്നാല്‍ ദൃശ്യ മാധ്യമങ്ങള്‍ പിന്നീടത് തിരുത്തുന്നില്ല. തെറ്റായ വാര്‍ത്തകള്‍ തിരുത്തി നല്‍കാനുള്ള സാമാന്യമര്യാദ മാധ്യമങ്ങള്‍ കാണിക്കണമെന്നും ചെന്നിത്തല സഭയെ അറിയിച്ചു.

കെബി ഗണേഷ് കുമാറിന്റെ വീടിന് നേരെ ആക്രമണം നടത്തിയവർക്കെതിരെ കേസ് എടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അരുവിക്കരയില്‍ ജയിച്ചതുകൊണ്ട് എല്ലാം ഭദ്രമാണെന്ന് പറയുന്നില്ല. മുന്നണിയില്‍ തെറ്റ് വന്നിട്ടുണ്ടെങ്കില്‍ തിരുത്തുമെന്നും ചെന്നിത്തല വ്യക്തമാക്കി.

ആഭ്യന്തരമന്ത്രിയുടെ വിശദീകരണത്തെ തുടര്‍ന്ന് പ്രതിപക്ഷത്തിന്‍റെ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതേ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപോയി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഏകാധിപതിയെ പോലെ പ്രവര്‍ത്തിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ആരോപിച്ചു. വിജയത്തില്‍ അഹങ്കരിച്ച് ആക്രമണം നടത്തിയാല്‍ പ്രത്യാഘാതമുണ്ടാകുമെന്നും വി.എസ് പറഞ്ഞു.