മുല്ലപ്പെരിയാർ ഡാം നിർമ്മാണം; കേരളം നൽകിയ അപേക്ഷ കേന്ദ്രം ഉടൻ പരിഗണിക്കില്ല

single-img
26 June 2015

Mullaperiyar-Dam1[1]ന്യൂഡൽഹി: മുല്ലപ്പെരിയാർ ഡാം നിർമ്മാണത്തിന് പാരിസ്ഥിതികാനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് കേരളം നൽകിയ അപേക്ഷ കേന്ദ്രം ഉടൻ പരിഗണിക്കില്ല. ഇത് സംബന്ധിച്ച് സുപ്രീംകോടതിയിൽ കേസ് ഉള്ളതിനാലാണ് പരിഗണിക്കാത്തതെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം മറുപടിയിൽ വ്യക്തമാക്കി. ഡാം നിർമ്മിക്കുന്നതിന് പാരിസ്ഥിതികാനുമതി നൽകിയാൽ അത് കോടതിയലക്ഷ്യമാവുമെന്നും കേസിൽ സുപ്രീംകോടതിയുടെ അന്തിമ തീർപ്പ് വരുന്നത് വരെ ഇക്കാര്യത്തിൽ തുടർ നടപടികൾ സ്വീകരിക്കാനാവില്ലെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ഡിസംബറിൽ ഡാമിനായി പരിസ്ഥിതി പഠനം നടത്താൻ ദേശീയ വന്യജീവി ബോർഡിന്റെ സ്ഥിരം സമിതി അനുമതി നൽകിയിരുന്നു. എന്നാൽ ഇതിനെതിരെ തമിഴ്നാട് സർക്കാർ കേന്ദ്ര സർക്കാരിനെ സമീപിച്ചു. ഫലം കാണാതെ വന്നതിനെ തുടർന്ന് തമിഴ്നാട് സുപ്രീം കോടതിയിലെത്തി. നിലവിലെ അണക്കെട്ട് സുരക്ഷിതമാണെന്ന സുപ്രീം കോടതി വിധി നിലനിൽക്കെ അതിനെ മറികടന്ന് കേരളം മുന്നോട്ട് പോകുന്നത് കോടതിയലക്ഷ്യമാണെന്ന് തമിഴ്നാട് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

മുല്ലപ്പെരിയാർ അണക്കെട്ട് സുരക്ഷിതമാണെന്ന് 2014 മേയിൽ സുപ്രീം കോടതി വിധിച്ചിരുന്നു. രണ്ട് സംസ്ഥാനങ്ങളും ധാരണയിലെത്തിയ ശേഷം മാത്രമേ മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കാവുവെന്നും വിധിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. സുപ്രീം കോടതി ഉത്തരവിന്മേൽ കേരളം നൽകിയ പുനഃപരിശോധനാ ഹർജിയും കോടതി തള്ളിയിരുന്നു. തുടർന്നാണ് കേരളം പുതിയ ഡാമിന് വേണ്ടി പരിസ്ഥിതി ആഘാത പഠനം നടത്തുന്നതിന് അപേക്ഷ നൽകിയത്.