ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റിന്റെ പേരില്‍ ലോക്കോ പൈലറ്റിന് വാശി;എറണാകുളം-കൊല്ലം മെമു ഒന്നരമണിക്കൂറിലേറെ വൈകി

single-img
24 June 2015

downloadഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റിന്റെ പേരില്‍ ലോക്കോ പൈലറ്റ് വാശിപിടിച്ചതിനെ തുടർന്ന് കോട്ടയം വഴിയുള്ള എറണാകുളം-കൊല്ലം മെമു ഒന്നരമണിക്കൂറിലേറെ വൈകി. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍നിന്ന് ഉച്ചയ്ക്ക് 2.35ന് പുറപ്പെടേണ്ടിയിരുന്ന മെമു പുറപ്പെട്ടപ്പോള്‍ നാലുമണിയായി.

 
വണ്ടി പുറപ്പെടുന്നതിനു മുമ്പ് നല്‍കിയ ബ്രേക്ക് പവര്‍ സര്‍ട്ടിഫിക്കറ്റില്‍ (ബി.പി.സി.) ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ യഥാസ്ഥലത്തല്ല ഒപ്പിട്ടിരിക്കുന്നതെന്നായിരുന്നു ലോക്കോ പൈലറ്റിന്റെ വാദം. വണ്ടി പുറപ്പെടാന്‍ ഏറെ വൈകിയപ്പോഴാണ് യാത്രക്കാര്‍ കാരണം തിരക്കിയിറങ്ങിയത്. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റില്‍ യഥാസ്ഥലത്ത് ഒപ്പിട്ട് ലഭിച്ചാലേ വണ്ടിയെടുക്കൂ എന്ന നിലപാടില്‍ ലോക്കോ പൈലറ്റ് ഉറച്ചുനിന്നു.

 

 

ഇത്രയൊക്കെ പ്രശ്‌നങ്ങളുണ്ടായിട്ടും പ്രശ്‌നപരിഹാരത്തിനായി ഉന്നത ഉദ്യോഗസ്ഥര്‍ ആരും രംഗത്തുവരാന്‍ തയ്യാറായില്ല. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റില്‍ ഒരുമാസമായി ഒപ്പിട്ട് നല്‍കുന്ന സ്ഥലത്തുതന്നെയാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ ഒപ്പിട്ടിരിക്കുന്നതെന്ന വിശദീകരണവും ചില ഉദ്യോഗസ്ഥര്‍ നല്‍കി. എന്നാല്‍ ഇത് അംഗീകരിക്കാന്‍ ലോക്കോ പൈലറ്റ് തയ്യാറായില്ല. ഒന്നരമണിക്കൂറിനുശേഷം ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് തിരുത്തി ലോക്കോ പൈലറ്റിന്റെ കൈയിലെത്തിച്ചു.