മാണിയെ മനസ്സില്ലാ മനസ്സോടെ കൂടെകൂട്ടി കോണ്‍ഗ്രസ്; പ്രസംഗവേദിയില്‍ മാണി വേണ്ടെന്ന് ആന്റണി സുധീരനോട് പറഞ്ഞതായി സൂചന

single-img
24 June 2015

km-mani.jpg.image_.784.410കോട്ടയം: സര്‍ക്കാരിന്റെ മുഖം വികൃതമാക്കിയ ബാര്‍ കോഴക്കേസില്‍ ആരോപണ വിധേയനായ മന്ത്രി കെ.എം.മാണിയെ അരുവിക്കര പ്രചരണത്തിലും യു.ഡി.എഫ് ഒറ്റപ്പെടുത്തുന്നു.  തന്റെ പ്രസംഗവേദികളില്‍ ധനമന്ത്രി കെ.എം മാണിയെ പങ്കെടുപ്പിക്കേണ്ടെന്ന്  എ.കെ ആന്റണി സുധീരനോട് പറഞ്ഞതായാണ് സൂചന. യുഡിഎഫ് സ്ഥാനാര്‍ഥി ശബരിനാഥന്റെ വോട്ടര്‍മാര്‍ക്കുള്ള അഭ്യര്‍ഥനയില്‍ ഘടകകക്ഷി നേതാക്കളുടെ സ്ഥാനത്ത് കേരള കോണ്‍ഗ്രസ് എം ഡെപ്യൂട്ടി ചെയര്‍മാന്‍ സി.എഫ് തോമസിന്റെ പേരാണ്  നല്‍കയിരിക്കുന്നത്. എന്നാല്‍  മന്ത്രിമാരുടെ പേര് വയ്ക്കുന്നത് തിരഞ്ഞെടുപ്പ് ചട്ടലംഘനം ആകുമെന്നതിനാലാണ് അതില്‍ പേര് വെയ്ക്കാതിരുന്നതെന്നാണ് കേരളാ കോണ്‍ഗ്രസ് നേതാവ് ആന്റണി രാജു പറഞ്ഞത്.

കഴിഞ്ഞ ദിവസത്തെ പൊതുയോഗനോട്ടീസുകളിലും  മന്ത്രി മാണിയുടെപേരില്ല . ജലവിഭവമന്ത്രി പി.ജെ ജോസഫിന്റെ പേരുണ്ട് താനും.   കുടുംബയോഗങ്ങളില്‍ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ ജിമ്മി വരെ പങ്കെടുക്കുന്നതിനിടെയാണ്  ധനമന്ത്രിയും  കേരളാ കോണ്‍ഗ്രസ് ചെയര്‍മാനുമായ മാണിയുടെ പേരില്ലാതെ നോട്ടീസ് ഇറങ്ങിയിരിക്കുന്നത്.

പാലോട് രവി എംഎല്‍എ കണ്‍വീനറായ തെരഞ്ഞെടുപ്പു കമ്മിറ്റിയുടെ പേരിലാണ് ശബരിനാഥിന്റെ അഭ്യര്‍ഥന ഇറക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം മുതല്‍ മന്ത്രി കെ.എം മാണിയും മകന്‍ ജോസ് കെ.മാണിയും  മണ്ഡലത്തില്‍ പ്രചരണത്തിനെത്തേണ്ടെന്ന നിലപാടിലായിരുന്നു തിരുവനന്തപുരം ജില്ലയിലെ യുഡിഎഫും കൈകൊണ്ടിരുന്നത്.എന്നാല്‍ സംസ്ഥാന നേതാക്കളുടെ സമ്മര്‍ദ്ദ ഫലമായി ശബരിനാഥിന്റെ കണ്‍വന്‍ഷനില്‍ മന്ത്രി മാണിയെ പങ്കെടുപ്പിച്ചിരുന്നു.

തുടര്‍ന്ന് മാണിയെ അരുവിക്കരയില്‍ ഇറക്കേണ്ടെന്നു തീരുമാനിച്ചെങ്കിലും വിലക്കുകള്‍ ലംഘിച്ച് മന്ത്രി ആര്യാടന്‍മുഹമ്മദിനൊപ്പം മണ്ഡലത്തിലെത്തുകയും പ്രതിപക്ഷ നേതാവിനേയും പി.സി.ജോര്‍ജിനേയും വെല്ലുവിളിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ മാണിക്കെതിരെ വ്യക്തമായ തെളിവുണ്ടെന്ന് വിജിലന്‍സ് അന്വേഷണ  ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തലുകള്‍ പുറത്തുവരുകയും പ്രതിപക്ഷം വിഷയം വീണ്ടും ശക്തമായ ആയുധമാക്കുകയും ചെയ്തതോടെയാണ് എ.കെ ആന്റണി വി.എം സുധീരനോട് ഇക്കാര്യം വ്യക്തമാക്കിയെന്നതാണ് സൂചന.