ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വിമർശിച്ച് ഫ്‌ളക്‌സ്‌ ബോര്‍ഡുകളുമായി പാർട്ടി അംഗങ്ങൾ

single-img
24 June 2015

modi-fluxന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരേ ഫ്‌ളക്‌സ്‌ ബോര്‍ഡുകളുമായി പാർട്ടി അംഗങ്ങൾ.  നരേന്ദ്രമോഡിയുടെ അപ്രീതിക്കു പാത്രമായി ബി.ജെ.പിക്കു പുറത്തായ മുന്‍ ജനറല്‍ സെക്രട്ടറി സഞ്‌ജയ്‌ ജോഷിയുടെ അനുയായികളാണ്‌ ഡല്‍ഹിയില്‍ വ്യാപകമായി മോഡിക്കെതിരേ വിമര്‍ശന ബോര്‍ഡുകള്‍ ഉയര്‍ത്തിയത്‌. ഡല്‍ഹിയിലെ പ്രധാനസ്‌ഥലങ്ങളിലാണ്‌ സഞ്‌ജയ്‌ ജോഷിയുടെ അനുയായികള്‍ മോഡിക്കെതിരായ ബോര്‍ഡുകള്‍ സ്‌ഥാപിച്ചത്‌. അശോക റോഡിലെ ബി.ജെ.പി ആസ്‌ഥാനത്തിനും ബി.ജെ.പി അധ്യക്ഷന്‍ അമിത്‌ഷായുടെ വീടിനു മുന്നിലും കൂറ്റന്‍ ഫ്‌ളക്‌സ്‌ ബോര്‍ഡുകളാണ്‌ ഉയര്‍ന്നത്‌.

മധ്യഡല്‍ഹിയുടെ വിവിധ ഭാഗങ്ങളിലും സമാനമായ ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്‌. പാകിസ്‌താനും ബംഗ്ലാദേശിനും മോഡി റമദാന്‍ ആശംസകള്‍ നേര്‍ന്നതാണ്‌ സഞ്‌ജയ്‌ ജോഷിയുടെ അനുയായികളെ പ്രകോപിപ്പിച്ചത്‌. മുതിര്‍ന്ന നേതാക്കളായ എല്‍.കെ. അദ്വാനി, മുരളി മനോഹര്‍ ജോഷി, സുഷമാ സ്വരാജ്‌ വസുന്ധര രാജെ തുടങ്ങിയവരുമായി അകലം പാലിക്കുന്ന നേതാവാണ്‌ പാകിസ്‌താനെയും ബംഗ്ലാദേശിനെയും സ്‌നേഹിക്കുന്നതെന്ന്‌ ഫ്‌ളക്‌സില്‍ പരിഹസിക്കുന്നു.

നിലവില്‍ ജോഷിക്ക്‌ പാര്‍ട്ടിയിലോ ആര്‍.എസ്‌.എസിലോ ചുമതലകളില്ലത്ത ജോഷിക്ക്‌ 60 ബി.ജെ.പി. എം.പിമാരുടെ പിന്തുണയുണ്ടെന്നാണു കരുതുന്നത്‌. ജോഷിയെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ മുമ്പും ഇതേപോലെ ഡല്‍ഹിയില്‍ ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

ലളിത്‌ മോഡി വിഷയത്തില്‍ മോഡി ഇതുവരെ പ്രതികരിച്ചിട്ടില്ല. മാത്രവുമല്ല, വസുന്ധരയ്‌ക്കും സുഷമയ്‌ക്കും സംരക്ഷണം നല്‍കുന്ന സാഹചര്യത്തില്‍, ലളിത്‌ മോഡിയുമായി കൂടിക്കാഴ്‌ച നടത്തിയ മുംബൈ പോലീസ്‌ കമ്മിഷണറേയും സംരക്ഷിക്കാനാണ്‌ ബി.ജെ.പിയുടെ തീരുമാനം. ലളിത്‌ മോഡി വിഷയത്തില്‍ പ്രതിപക്ഷവിമര്‍ശനം തണുത്തപ്പോള്‍ പാര്‍ട്ടി എം.പിയുടെ ഭാഗത്തു നിന്നുള്ള എതിര്‍നീക്കം നേതൃത്വത്തെ വെട്ടിലാക്കി. ആര്‍.കെ സിങ്ങാണ്‌ ലളിത്‌ മോഡി വിഷയത്തില്‍ നേതൃത്വത്തിന്റെ നിലപാട്‌ ധാര്‍മികമല്ലെന്ന്‌ തുറന്നടിച്ചത്‌.