രണ്ട് ദിവസം മുമ്പ് വാങ്ങിയ ഐഫോണ്‍ 6 പൊട്ടിത്തെറിച്ചു; ഡല്‍ഹി സ്വദേശിയുടെ പരാതി ആപ്പിള്‍ സര്‍വീസ് സെന്റർ പരിഗണിച്ചില്ല

single-img
24 June 2015

iphoneഡല്‍ഹി സ്വദേശി രണ്ട് ദിവസം മുമ്പ് വാങ്ങിയ ഐഫോണ്‍ 6 പൊട്ടിത്തെറിച്ചതായി പരാതി. വസീര്‍ബാദുകാരനായ കിഷന്‍ യാദവ് വാങ്ങിയ ഫോണാണ് പൊട്ടിത്തെറിച്ചത്. ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കെയാണ് സംഭവം. ഇക്കാര്യം താന്‍ ആപ്പിള്‍ സര്‍വീസ് സെന്ററിനെ അറിയിച്ചിരുന്നു. എന്നാല്‍ അവര്‍ പരാതി പരിഗണിക്കാത്തതിനെ തുടര്‍ന്ന് പൊലീസില്‍ കേസ് നല്‍കിയെന്നും കിഷന്‍ പറഞ്ഞു. സംഭവത്തില്‍ കിഷന് പരുക്കേറ്റിട്ടില്ല.

ഡിഎല്‍എഫ് ഗല്ലേറിയയിലുള്ള മൊബൈല്‍ സ്റ്റോര്‍ ഔട്ട്‌ലെറ്റില്‍ നിന്നും 60,000 രൂപ മുടക്കി ജൂണ്‍ 18നാണ് കിഷന്‍ 64 ജിബിയുടെ ഐഫോണ്‍ 6 വാങ്ങിയത്. പൊട്ടിത്തെറിച്ച ഐഫോണ്‍ സിക്‌സിന്റെ ചിത്രങ്ങളും കിഷന്റെ പരാതിയില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിന്റെ കോപ്പിയും പുറത്തുവന്നിട്ടുണ്ട്.

ഇതാദ്യമായിട്ടല്ല ആപ്പിള്‍ ഐഫോണ്‍ പൊട്ടിത്തെറിച്ച സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ അമേരിക്കാരന്റെ പോക്കറ്റിലിരുന്ന ഐഫോണ്‍ 5സി പൊട്ടിത്തെറിച്ചിരുന്നു.