ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങൾക്ക് തെളിവില്ലെന്ന് സി.ബി.ഐ

single-img
24 June 2015

national-gamesകൊച്ചി: ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങൾക്ക് തെളിവില്ലെന്ന് സി.ബി.ഐ ഹൈക്കോടതിയില്‍. പ്രാഥമികാന്വേഷണത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പങ്ക് സംബന്ധിച്ച തെളിവൊന്നും ലഭിച്ചിട്ടില്ലെന്ന് സി.ബി.ഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ദേശീയ ഗെയിംസ് നടത്തിപ്പില്‍ കോടികളുടെ അഴിമതി നടന്നെന്ന് കാണിച്ച് വി. ശിവന്‍കുട്ടി എം.എല്‍.എ നല്‍കിയ ഹര്‍ജിയിലാണ് സി.ബി.ഐയുടെ റിപ്പോര്‍ട്ട്.

എന്നാല്‍ അഴിമതിയാരോപണത്തില്‍ കേസ്സെടുക്കുന്നതിനുള്ള തെളിവുകളൊന്നുമില്ലെന്ന് സി.ബി.ഐ റിപ്പോര്‍ട്ടില്‍ പറയുന്നു. കേരളത്തില്‍ നടന്ന 35-ാമത് ദേശീയ ഗെയിംസിനായി 121 കോടി രൂപയുടെ കേന്ദ്ര സഹായമാണ് ലഭിച്ചത്. ജര്‍മനിയില്‍ നിന്ന് കാലഹരണപ്പെട്ട ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്‌തെന്ന ആരോപണം ശരിയല്ല. സിന്തറ്റിക് ട്രാക്ക് നിര്‍മ്മാണത്തിനായി ഈ കാലഹരണപ്പെട്ട ഉപകരണങ്ങള്‍ ഉപയോഗിച്ചെന്നാണ് ആരോപണം.

എന്നാല്‍ നടപടിക്രമങ്ങള്‍ പാലിച്ചാണ് കരാറുകള്‍ നല്‍കിയിരിക്കുന്നത്. 6.23 കോടി രൂപയുടേതാണ് കരാര്‍. 32.56 കോടി രൂപ വില വരുന്ന സ്‌പോര്‍ട്‌സ് സാമഗ്രികള്‍ 46 ടെന്‍ഡറുകള്‍ വഴിയാണ് സമാഹരിച്ചത്.

ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തിന്റെ നിര്‍മാണത്തിന് 260 കോടി രൂപ ഉപയോഗിച്ചതായാണ് വ്യക്തമാകുന്നത്. ഇതിലും നടപടിക്രമങ്ങള്‍ പാലിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഖജനാവിന് നഷ്ടമുണ്ടായതായി കണ്ടെത്താനായിട്ടില്ല. കൂടാതെ ഗെയിംസിന്റെ ഭക്ഷണത്തിന്റെ ടെന്‍ഡറിലും അപാകം കണ്ടെത്താനായിട്ടില്ല.

ഭക്ഷണത്തിന്റെ ഗുണനിലവാരം സംബന്ധിച്ചും പരാതികള്‍ ഉയര്‍ന്നിട്ടില്ല. വെളിച്ച സംവിധാനങ്ങളുടെ ടെന്‍ഡറിലും നടപടിക്രമങ്ങള്‍ പാലിച്ചിട്ടുണ്ട്. 20 മിനിറ്റിന്റെ വെടിക്കെട്ടിനായി 1.25 കോടി രൂപ ചെലവഴിച്ചതിന്റെ കരാറും ടെന്‍ഡറിലൂടെയാണ് നല്‍കിയത്. വളണ്ടിയര്‍മാര്‍ക്ക് ടീ ഷര്‍ട്ടും പാന്റ്‌സും നല്‍കിയതില്‍ അഴിമതി ഇല്ലെന്നും സി.ബി.ഐ. റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.