സംസ്ഥാന പൊലീസിന്‍െറ മനുഷ്യാവകാശലംഘന പ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കുന്നു-ഹൈക്കോടതി

single-img
24 June 2015

kerala-high-courtകൊച്ചി: സംസ്ഥാന പൊലീസിന്‍െറ മനുഷ്യാവകാശലംഘന പ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കുന്നതായി ഹൈക്കോടതി.  കള്ളക്കേസുകളും അനാവശ്യ പീഡനവും സംബന്ധിച്ച് ഓരോ ദിവസവും ഒട്ടേറെ പരാതികളും ഹരജികളുമാണ് പരിഗണനക്കത്തെുന്നതെന്നും ഇത്തരം കേസുകളിൽ എന്തു നടപടി സ്വീകരിക്കുന്നുവെന്ന് വ്യക്തമാക്കി ഡി.ജി.പി ടി.പി സെൻകുമാർ വെള്ളിയാഴ്ച റിപ്പോർട്ട് നൽകണമെന്ന്  കോടതി നിർദ്ദേശിച്ചു. പൊലീസ് കള്ളക്കേസെടുത്ത് പീഡിപ്പിക്കുന്നെന്നാരോപിച്ച് പുനലൂര്‍ സ്വദേശിയായ അഭിഭാഷകന്‍ കെ.പി അജിത് നല്‍കിയ ഹരജിയിലാണ് പെലീസിനെതിരെ രൂക്ഷ വിമര്‍ശമുണ്ടായത്.

സാധാരണക്കാര്‍ക്കെതിരായ പൊലീസിന്‍െറ അക്രമങ്ങള്‍ വര്‍ധിച്ചുവരുകയാണെന്ന് കോടതി നിരീക്ഷിച്ചു. എന്തുകൊണ്ടാണ് പൊലീസ് കള്ളക്കേസുകളുണ്ടാക്കുന്നതെന്ന് അറിയേണ്ടതുണ്ട്. കള്ളക്കേസെടുത്തതിനെതിരായ പരാതി കോടതിയിലത്തെുമ്പോള്‍ അത്തരമൊരു കേസെടുത്തിട്ടില്ലെന്നു പറഞ്ഞ് രക്ഷപ്പെടാനും ഇവര്‍ ശ്രമിക്കുന്നു. അത്രയും നാള്‍ പീഡനത്തിനിരയായ വ്യക്തി അനുഭവിച്ച ദുരിതത്തിന് ആരാണ് സമാധാനം പറയുക. ഇത്തരത്തില്‍ പെരുമാറാന്‍ പൊലീസ് ധൈര്യം കാണിക്കുന്നത് എന്തെന്ന് മനസ്സിലാകുന്നില്ല. ഈ സാഹചര്യത്തില്‍ വിഷയം ഗൗരവത്തിലെടുക്കേണ്ടതുണ്ടെന്നും സംസ്ഥാന പൊലീസ് മേധാവി ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

പുനലൂര്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്‍റിനെ പുനലൂര്‍ എസ്.ഐ ആക്രമിച്ചെന്ന പരാതിയില്‍ പ്രസിഡന്‍റിന് വേണ്ടി ഹാജരാകുന്ന അഭിഭാഷകനെതിരെ കള്ളക്കേസെടുത്തതുമായി ബന്ധപ്പെട്ട കേസാണ് കോടതിയുടെ പരിഗണനയിലുള്ളത്. എസ്ഐക്കെതിരെ നടക്കുന്ന കേസില്‍ ഹാജരായെന്നാരോപിച്ച് പൊലീസ് കള്ളക്കേസ് രജിസറ്റര്‍ ചെയ്ത് പീഡിപ്പിക്കുന്നെന്നാണ് പരാതി.
ഹരജിക്കാരന്‍ നിയമവിരുദ്ധമായി ദേശീയപാതക്കരികില്‍ പാര്‍ക്ക് ചെയ്തെന്നാരോപിച്ച് വാഹനം പിടിച്ചെടുക്കുന്നതുള്‍പ്പെടെ നടപടി പൊലീസ് സ്വീകരിച്ചെന്ന് ഹരജിയില്‍ പറയുന്നു. വാഹനത്തില്‍ സ്റ്റിക്കര്‍ ഒട്ടിച്ചുകഴിഞ്ഞാല്‍, പിഴയൊടുക്കാന്‍ 24 മണിക്കൂര്‍ സമയമുണ്ടെന്നിരിക്കേ നിയമലംഘനം കണ്ടെത്തിയെന്ന് പറയുന്ന സമയത്തിന് ശേഷം അരമണിക്കൂറിനകം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.

ഇതുമായി ബന്ധപ്പെട്ട ഹരജി ഹൈകോടതി പരിഗണിക്കവേ പുനലൂര്‍ സ്റ്റേഷനിലെതന്നെ പൊലീസ് ഓഫിസര്‍ ബൈക്ക് യാത്രക്കാരനെ ആക്രമിച്ച സംഭവം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ സംഭവം ചാനലില്‍ കണ്ടകാര്യം ചൂണ്ടിക്കാട്ടിയ കോടതി, ഇക്കാര്യത്തിലും വിശദീകരണം തേടി.

പുനലൂരില്‍ പൊലീസ് രാജ് നടമാടുകയാണോയെന്ന് കോടതി ചോദിച്ചു. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പുനലൂര്‍ കേസുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ പ്രൊബേഷൻ എസ്.ഐയെ ചവറയിലേക്ക് സ്ഥലം മാറ്റിയതായും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. അഭിഭാഷകനെതിരെ കേസെടുത്തിട്ടില്ലെന്നും ഡി.ജി.പി വ്യക്തമാക്കി. തുടര്‍ന്ന് ഹരജി കോടതി വിധി പറയാന്‍ മാറ്റി.