മഹേന്ദ്ര സിംഗ് ധോണിക്ക് പിന്തുണയുമായി മുന്‍ നായകന്‍ സൗരവ് ഗാംഗുലി രംഗത്ത്

single-img
23 June 2015

imagesഇന്ത്യൻ നായകന്‍ മഹേന്ദ്ര സിംഗ് ധോണിക്ക് പിന്തുണയുമായി മുന്‍ നായകന്‍ സൗരവ് ഗാംഗുലി രംഗത്ത് . ഏകദിനങ്ങളില്‍ ധോണിക്ക് മികച്ച റെക്കോര്‍ഡാണുള്ളതെന്നും ഒരു തീരുമാനമെടുക്കാന്‍ അദ്ദേഹത്തിന് സമയം നല്‍കണമെന്നും ഗാംഗുലി ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ബംഗ്ലാദേശിനെതിരായ തോല്‍വിയ്ക്ക് ശേഷം ധോണി വളരെ അസ്വസ്ഥനാണ്. അതുകൊണ്ടാണ് മത്സരശേഷം തോല്‍വിക്ക് കാരണം താനാണെങ്കില്‍ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയാമെന്ന രീതിയിലുള്ള പ്രതികരണം ധോണിയില്‍ നിന്ന് വന്നത്. അതൊക്കെ തല്‍ക്കാലം മറക്കാം. തോല്‍വിയുടെ പേരില്‍ ധോണിയെ ക്രൂശിക്കരുത് എന്ന് ഗാംഗുലി പറഞ്ഞു.

ഇന്ത്യന്‍ ടീമിന്റെ മോശം പ്രകടനത്തിന് പിന്നില്‍ ടീം അംഗങ്ങള്‍ വിശ്രമമില്ലാതെ മത്സരങ്ങള്‍ കളിക്കുന്നതാണെന്ന വാദം ഗാംഗുലി തള്ളിക്കളയുകയും ചെയ്തു. ബംഗ്ലാദേശിനെതിരായ എകദിന പരമ്പര തോല്‍വിയെത്തുടര്‍ന്ന് ധോണി വിമര്‍ശനങ്ങള്‍ക്ക് നടുവില്‍ നിൽക്കുമ്പോൾ ആണ് പിന്തുണയുമായി മുന്‍ നായകന്‍ സൗരവ് ഗാംഗുലി രംഗത്ത് എത്തിയത്.