കേന്ദ്രസര്‍ക്കാറിനു കീഴിലുള്ള സ്‌കൂളുകളില്‍ യോഗ പഠനവിഷയമാക്കി; അടുത്തവര്‍ഷംമുതല്‍ വിദ്യാര്‍ഥികള്‍ക്കായി ദേശീയതലത്തില്‍ യോഗ മത്സരം സംഘടിപ്പിക്കും; വിജയിക്ക് അഞ്ചുലക്ഷം രൂപ സമ്മാനം

single-img
23 June 2015

yogaന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിനു കീഴിലുള്ള സ്‌കൂളുകളില്‍ ആറുമുതല്‍ പത്തുവരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് യോഗ പഠനവിഷയമാക്കി. കേന്ദ്രീയ, നവോദയ വിദ്യാലയങ്ങള്‍ക്ക് ഇതു ബാധകമായിരിക്കും. കൂടാതെ അധ്യാപകപരിശീലന കോഴ്‌സുകള്‍ക്കും യോഗ നിര്‍ബന്ധമായിരിക്കും. സ്‌കൂളുകളില്‍ യോഗപരിശീലനത്തിലൂടെ കുട്ടികൾക്ക് 80 മാര്‍ക്ക് ലഭിക്കും. 20 മാര്‍ക്കിന്റെ പാഠഭാഗങ്ങളുമുണ്ടാകും. യോഗാധ്യാപകരുടെ ദേശീയസമ്മേളനത്തില്‍ കേന്ദ്ര മാനവശേഷിമന്ത്രി സ്മൃതി ഇറാനിയാണ് ഇക്കാര്യമറിയിച്ചത്.

അടുത്തവര്‍ഷംമുതല്‍ യോഗ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്കായി ദേശീയതലത്തില്‍ മത്സരം സംഘടിപ്പിക്കും. അഞ്ചുലക്ഷം രൂപയാണ് വിജയിക്കു ലഭിക്കുക. യോഗപഠനത്തിന്റെ സിലബസും കോഴ്‌സ് മെറ്റീരിയലും മന്ത്രി പുറത്തിറക്കി. കൂടുതല്‍ മാര്‍ക്ക് പ്രായോഗികപരിശീലനത്തിനായതിനാല്‍ വിദ്യാര്‍ഥികള്‍ക്കു കൂടുതല്‍ പഠനഭാരമുണ്ടാകില്ല.   യോഗ പാഠ്യപദ്ധതിയാക്കണോ എന്നും സിലബസ് സ്വീകരിക്കണോ എന്നുമുള്ള കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യമുണ്ടാകും.

ഇതു നടപ്പാക്കേണ്ടതിനെക്കുറിച്ചുള്ള വിശദമായ പദ്ധതി ഇതുവരെ തയ്യാറാക്കിയിട്ടില്ലെന്നും കേന്ദ്രീയവിദ്യാലയങ്ങളിലും ജവഹര്‍ നവോദയ വിദ്യാലയങ്ങളിലും ഇതു നിര്‍ബന്ധമാക്കിയിട്ടുണ്ടെന്നും സി.ബി.എസ്.ഇ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഭാവിയില്‍ യോഗാധ്യാപകര്‍ക്ക് ആവശ്യമേറുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍പേരെ സന്നദ്ധരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ടി.ടി.സി, ബി.എഡ് കോഴ്‌സുകളില്‍ യോഗ ഉള്‍പ്പെടുത്തുന്നത്. യോഗവിദ്യാഭ്യാസത്തിനായി ഡിപ്ലോമ, ബാച്ചിലര്‍, മാസ്റ്റര്‍ ഇന്‍ യോഗ എഡ്യുക്കേഷന്‍ കോഴ്‌സുകളുടെ സിലബസുകള്‍ തയ്യാറാക്കിയിട്ടുണ്ട്.