തൃണമൂൽ കോൺഗ്രസിനെ എതിർക്കുന്നവരുടെ കണ്ണുകൾ ചൂഴ്ന്നെടുത്ത് കൈകൾ അരിഞ്ഞു കളയുമെന്ന് മമതാ ബാനർജിയുടെ അനന്തിരവൻ

single-img
23 June 2015

abhishekകൊൽക്കത്ത:  തൃണമൂലിനെ വെല്ലുവിളിക്കുന്നവർക്കെതിരെ ഭീഷണി മുഴക്കി മമതാ ബാനർജിയുടെ അനന്തിരവൻ  അഭിഷേക് ബാനർജി നടത്തിയ പ്രസംഗം വിവാദത്തിൽ. പാർട്ടിയെ വെല്ലുവിളിക്കുന്നവരുടെ കൈകൾ അരിഞ്ഞു കളയുമെന്നും കണ്ണുകൾ ചൂഴ്ന്നെടുക്കുമെന്നാണ് ബാസിർഹതിൽ നടന്ന സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ തൃണമൂൽ യൂത്ത് വിങ് പ്രസിഡന്റു കൂടിയായ അഭിഷേക് പറഞ്ഞത്.

” ഡൽഹിയിലായാലും പാർലമെന്റിലായാലും വിവിധ പ്രതിഷേധങ്ങൾക്കിടയിലായാലും ബംഗാളിലെ ജനങ്ങളുടെ താൽപര്യങ്ങൾ വേദനിച്ചാൽ ആ വിഷയം തങ്ങൾ വെറുതേ വിടില്ലെന്ന് മമതാ ബാനർജിയും തൃണമൂൽ കോൺഗ്രസും തെളിയിച്ചിട്ടുള്ളതാണ്. മമത ഇവിടെ ഉള്ള കാലത്തോളം ആരൊക്കെ തങ്ങളെ നോക്കാൻ ധൈര്യം കാണിച്ചാലും, തങ്ങൾ അവരുടെ കണ്ണുകൾ ചൂഴ്ന്നെടുത്ത് തെരുവിലേക്ക് വലിച്ചെറിയും. ആരെങ്കിലും അവരുടെ കൈകൾ ഉയർത്തിയാൽ അവ  വെട്ടിയെടുക്കും”” എന്നായിരുന്നു അഭിഷേകിന്റെ വാക്കുകൾ.

വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നും അഭിഷേകിന്റെ പ്രസ്താവനയ്ക്കെതിരെ വിമർശനം ഉയർന്നിട്ടുണ്ട്. അഭിഷേകിനെതിരെ കേസെടുക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. അഭിഷേകിന്റെ വിവാദ പ്രസ്താവനയിൽ തനിക്ക് അത്ഭുതമൊന്നും ഇല്ലെന്നും തൃണമൂലിന്റെ മനസിലിരുപ്പാണ് അയാളിലൂടെ പുറത്തുവന്നതെന്നും സി.പി.ഐ(എം) നേതാവ് സുജൻ ചക്രബർത്തി വ്യക്തമാക്കി