ആലപ്പുഴ മെഡിക്കൽ കോളേജിൽ റേഡിയേഷൻ ടേബിളിൽ നിന്ന് താഴെ വീണ് രോഗി മരിച്ചു

single-img
23 June 2015

patientആലപ്പുഴ: റേഡിയേഷൻ ടേബിളിൽ ബെൽറ്റ് ഇല്ലാത്തതിനാൽ തോർത്തുപയോഗിച്ച് കെട്ടി വെച്ചിരുന്ന കാൻസർ രോഗി ടേബിളിൽ നിന്ന് താഴെ വീണ് മരിച്ചു. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാൻസർ വിഭാഗത്തിലാണ് സംഭവം. ആലപ്പുഴ സ്വദേശി തിലകൻ (59) ആണ് മരിച്ചത്. ഉത്തരവാദികളായ ജീവനക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകർ ആശുപത്രിയിൽ പ്രതിഷേധിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഡെപ്യൂട്ടി സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള നാലംഗ സമിതിയെ സൂപ്രണ്ട് നിയോഗിച്ചു. രോഗിയുടെ  ബന്ധുക്കൾ ആരോഗ്യ വകുപ്പിനും പൊലീസിനും പരാതി നൽകി.

ഇന്നലെ ഉച്ചയ്ക്ക് 12.45 ഓടെയായിരുന്നു സംഭവം നടന്നത്. കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നോടെ എത്തിയ തിലകനെ  അ​റ്റൻഡർ  ഒന്നര മീ​റ്റർ ഉയരമുള്ള റേഡിയേഷൻ ടേബിളിൽ  കിടത്തിയ ശേഷം ബെൽറ്റ് ഇല്ലാത്തതിനാൽ തോർത്തുപയോഗിച്ച് ടേബിളിനോട്  ചേർത്ത് കെട്ടുകയായിരുന്നു. റേഡിയേഷനിടെ അസ്വസ്ഥത അനുഭവപ്പെട്ട തിലകൻ തോർത്തഴിഞ്ഞ് നിലത്ത് വീണു. റേഡിയേഷൻ നിയന്ത്രിച്ചു കൊണ്ടിരുന്ന ടെക്നിഷ്യൻ  മെഷീൻ ഓഫാക്കിയ ശേഷം ഓടിയെത്തി രോഗിയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും  മരണം സംഭവിച്ചിരുന്നു.

ബെൽറ്റിനു പകരം തോർത്തുപയോഗിച്ചത് അനാസ്ഥയാണെന്നാരോപിച്ച് രോഗിയുടെ ബന്ധുക്കളും ജീവനക്കാരും തമ്മിൽ നടന്ന വാക്കേറ്റം ​കൈയാങ്കളിയോടടുത്തു.  സ്ഥലത്തെത്തിയ ഡി.വൈ.എഫ്.ഐ പ്രവർത്തകർ സൂപ്രണ്ടിന്റെ ഓഫീസിന് മുന്നിൽ കുത്തിയിരുന്നു. തുടർന്ന് ഒരു മണിക്കൂറോളം ആശുപത്രി  സംഘർഷവേദിയായി. പൊലീസ് സംഘമെത്തിയാണ് രംഗം ശാന്തമാക്കിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.