അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജയലളിതയെ വെറുതെ വിട്ട കോടതി വിധിക്കെതിരെ കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹർജി നല്‍കി

single-img
23 June 2015

Jayalalitha_CMന്യൂഡല്‍ഹി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ വെറുതെ വിട്ട കോടതി വിധിക്കെതിരെ കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹർജി നല്‍കി. ഹൈക്കോടതി വിധി നിയമവിരുദ്ധമാണ്. ജയയെ വെറുതെവിട്ട വിധി പ്രഹസനമാണെന്നും കണക്കിലെ പിഴവ് വിധിയെ അപ്രസക്തമാക്കുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു.

കേസില്‍ കുറ്റവിമുക്തയായതിനെ തുടര്‍ന്ന് വീണ്ടും തമിഴ്‌നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റ ജയലളിത ആര്‍കെ നഗറില്‍ നിന്നും ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പത്രിക സമര്‍പ്പിച്ചതിന് തൊട്ടടുത്ത ദിവസമാണ് കര്‍ണാടക സുപ്രീം കോടതിയെ സമീപിച്ചത്. അനധികൃത സ്വത്ത് സമ്പാദനക്കേസ് പെരുപ്പിച്ച് കാട്ടിയതാണെന്ന് ചൂണ്ടിക്കാട്ടി കര്‍ണാടക ഹൈക്കോടതി ജയയെ കുറ്റമുക്തയാക്കിയിരുന്നു.

ഈ മാസം 27നാണ് ജയ മത്സരിക്കുന്ന ഉപതെരഞ്ഞെടുപ്പ്. വിചാരണ കോടതി നാലു വര്‍ഷത്തേക്ക് തടവുശിക്ഷ വിധിച്ചതിനുപിന്നാലെ ജയക്ക് എം.എല്‍.എ സ്ഥാനം നഷ്ടമായിരുന്നു. എന്നാല്‍, മേയ് 11ന് ഹൈക്കോടതി കുറ്റമുക്തമാക്കിയതോടെ വീണ്ടും മുഖ്യമന്ത്രിയാകുകയായിരുന്നു.

സുപ്രീംകോടതിയിലെ അവധിക്കാല ബെഞ്ചിനാണ് കര്‍ണാടക ഹര്‍ജി സമര്‍പ്പിച്ചത്. ജയലളിതയുടെ സ്വത്ത് കണക്കുകൂട്ടിയതില്‍ ഹൈക്കോടതിക്ക് ഗുരുതര പിഴവു സംഭവിച്ചിട്ടുണ്ടെന്നും അപ്പീല്‍ നല്‍കുന്നില്ലെങ്കില്‍ നിയമവ്യവസ്ഥയോട് കാട്ടുന്ന വഞ്ചനയായിരിക്കുമതെന്നും നിയമ വിദഗ്ധര്‍ കര്‍ണാടക സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞമാസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ അപ്പീല്‍ നല്‍കാന്‍ തീരുമാനമെടുത്തത്.