സർക്കാർ ജീവനക്കാർക്കു കുറഞ്ഞ ശമ്പളം 16,000 രൂപയും ഉയർന്ന ശമ്പളം ഒരു ലക്ഷം രൂപയുമാക്കാൻ പുതിയ ശമ്പളക്കമ്മിഷന്റെ ശുപാർശ

single-img
23 June 2015

black-money-switzerland-begins-making-names-of-indian-account-holders-publicതിരുവനന്തപുരം∙ സർക്കാർ ജീവനക്കാർക്കു കുറഞ്ഞ ശമ്പളം 16,000 രൂപയും ഉയർന്ന ശമ്പളം ഒരു ലക്ഷം രൂപയാക്കാൻ പുതിയ ശമ്പളക്കമ്മിഷൻ ശുപാർശ ചെയ്യുമെന്ന് സൂചന. ഇപ്പോൾ ലഭിക്കുന്ന 80% ക്ഷാമബത്ത ശമ്പളത്തിൽ ലയിപ്പിക്കുമ്പോൾ വർധന 13% വരും. കഴിഞ്ഞ ശമ്പള പരിഷ്കരണത്തിൽ വർധന 12% ആയിരുന്നു.

ശമ്പളത്തിന് ആനുപാതികമായി കാര്യക്ഷമതകൂടി വർധിപ്പിക്കുന്നതിനുള്ള വ്യവസ്‌ഥകൾ ഉൾപ്പെടുത്തിയാകും ജസ്‌റ്റിസ് എൻ. രാമചന്ദ്രൻ നായർ അധ്യക്ഷനായ ശമ്പളക്കമ്മിഷൻ റിപ്പോർട്ട്. സർക്കാർ ജീവനക്കാർ, സർക്കാർ എയ്‌ഡഡ് കോളജുകൾ, സ്‌കൂളുകൾ എന്നിവയിലെ അധ്യാപകർ, തദ്ദേശ ഭരണ സ്‌ഥാപനങ്ങൾ, സർവകലാശാല ജീവനക്കാർ എന്നിവരുടെ ശമ്പള വർധനയാണു ജസ്‌റ്റിസ് എൻ. രാമചന്ദ്രൻ അധ്യക്ഷനായ കമ്മിഷൻ ശുപാർശ ചെയ്യുക.

ജൂൺ 30 വരെയാണു കമ്മിഷന്റെ കാലാവധി എന്നതിനാൽ അതിനു മുൻപു റിപ്പോർട്ട് നൽകിയേക്കും. നിത്യോപയോഗ സാധനങ്ങളുടെ വിലയിലും ഉപഭോക്‌തൃ വിലസൂചികയിലും അഞ്ചു വർഷത്തിനിടയിൽ ഉണ്ടായ വർധനകൂടി പരിഗണിച്ചാകും ശുപാർശ. ശമ്പള പരിഷ്കരണത്തിനായി ബജറ്റിൽ 6000 കോടി വകയിരുത്തിയിട്ടുള്ളതിനാൽ അതിൽ ഒതുങ്ങിനിന്നാകും വർധന.

ജീവനക്കാരുടെ ചികിൽസച്ചെലവ് സർക്കാർ നൽകുന്ന നിലവിലുള്ള സംവിധാനത്തിനു പകരം പൊതുമേഖലയിലുള്ള ഇൻഷുറൻസ് കമ്പനികളുമായി ചേർന്നു മെഡിക്കൽ ഇൻഷുറൻസ് ഏർപ്പെടുത്തുന്നതിനുള്ള ശുപാർശയും റിപ്പോർട്ടിൽ ഉണ്ടാകും.

കഴിഞ്ഞ ശമ്പളക്കമ്മിഷൻ ശുപാർശ ചെയ്‌ത കുറഞ്ഞ ശമ്പളം 8500 രൂപയും കൂടിയ ശമ്പളം 59840 രൂപയുമായിരുന്നു. ഇതു നടപ്പാക്കിയപ്പോൾ അധികബാധ്യത 3000 കോടി രൂപയായിരുന്നു. സർക്കാരിന്റെ മൊത്തം റവന്യു വരുമാനത്തിന്റെ ശരാശരി 75 ശതമാനമാണു ശമ്പളവും പെൻഷനും ചേർത്ത് ഇപ്പോൾ ചെലവാക്കുന്നത്.