കേരളത്തിൽ ‘കാലാ അസര്‍’ എന്ന കരിമ്പനി കണ്ടെത്തി

single-img
23 June 2015

kala-azarതിരുവനന്തപുരം: കേരളത്തിൽ ‘കാലാ അസര്‍’ എന്ന കരിമ്പനി കണ്ടെത്തി. തൃശ്ശൂര്‍, മുള്ളൂര്‍ക്കര സ്വദേശി ബാബു(40)വിനാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. 2012ന് ശേഷം ആദ്യമായാണ് കരിമ്പനി കണ്ടെത്തുന്നത്. രോഗാണു ശരീരത്തില്‍ കയറിയാല്‍ ത്വക്കിന് കറുപ്പുനിറം ബാധിക്കുന്നതിനാലാണ് കരിമ്പനി എന്ന പേരുവന്നത്.

‘സാന്‍ഡ് ഫ്ലൈ’ എന്ന മണല്‍ ഈച്ചയാണ് രോഗം പരത്തുന്നത്. പട്ടി, പൂച്ച, കുറുക്കന്‍ തുടങ്ങിയ മൃഗങ്ങളില്‍നിന്ന് രോഗം പകരാം. രോഗാണു ശരീരത്തില്‍ കയറിക്കഴിഞ്ഞാല്‍ 50-60 ദിവസം കഴിഞ്ഞേ രോഗലക്ഷണം പ്രത്യക്ഷമാകു. മാസങ്ങള്‍ കൊണ്ടാണ് രോഗി ഗുരുതരാവസ്ഥയിലാകുന്നത്. ബിഹാര്‍, ഒഡിഷ, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ കരിമ്പനി പല തവണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വര്‍ഷം 50,000 പേരെങ്കിലും ഈ രോഗം ബാധിച്ച് ലോകത്ത് മരിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്.

രോഗം യഥാസമയം കണ്ടെത്തിയാല്‍ രണ്ടാഴ്ചത്തെ ചികിത്സകൊണ്ട് ഭേദമാക്കാന്‍ കഴിയുമെന്ന് ആരോഗ്യവകുപ്പ് പകര്‍ച്ചവ്യാധി നിയന്ത്രണവിഭാഗം അറിയിക്കുന്നു.

അതേസമയം, എച്ച് വണ്‍ എന്‍ വണ്‍, ഡെങ്കി തുടങ്ങിയവ ശമനമില്ലാതെ തുടരുകയാണ്. ഈ വര്‍ഷം 399 പേര്‍ക്ക് എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ചതില്‍ 48 പേര്‍ മരിച്ചു.  കോഴിക്കോട്, കാസര്‍കോട്, മലപ്പുറം, തിരുവനന്തപുരം ജില്ലകളിലായി കഴിഞ്ഞ വെള്ളിയാഴ്ച മാത്രം 45 പേര്‍ക്കാണ് ഡെങ്കി സ്ഥിരീകരിച്ചത്. തലസ്ഥാന ജില്ലയില്‍ ചെള്ളുപനിയും ഭീഷണിയായിട്ടുണ്ട്. ഇതുവരെ സംസ്ഥാനത്ത് 357 പേര്‍ക്കാണ് ചെള്ളുപനി കണ്ടെത്തിയത്. അവരില്‍ എട്ടുപേര്‍ മരിച്ചു.