സി.പി.എം മുന്‍ ബ്രാഞ്ച് സെക്രട്ടറി പാര്‍ട്ടി ഓഫിസിൽ തൂങ്ങിമരിച്ചു

single-img
23 June 2015

suicideകണ്ണൂര്‍:  സി.പി.എം മുന്‍ ബ്രാഞ്ച് സെക്രട്ടറി പാര്‍ട്ടി ഓഫിസ് വരാന്തയിലെ ഗ്രില്ലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മുന്‍ ബ്രാഞ്ച് സെക്രട്ടറിയും പാര്‍ട്ടി നിയന്ത്രണത്തിലുള്ള കരാറിനകം സഹകരണ ബാങ്ക് ഡയറക്ടറുമായ ചിറ്റാംകണ്ടി സി.എച്ച്. രാജേന്ദ്രനെയാണ് (50) കുറുവയിലെ സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫിസ് വരാന്തയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

കരാറിനകം സഹകരണ ബാങ്കില്‍ പണയ സ്വര്‍ണം ലോക്കറില്‍നിന്ന് കാണാതായത് വിവാദമായിരുന്നു. ഇതുസംബന്ധിച്ച് കേസെടുത്ത ദിവസം രാജേന്ദ്രന്‍ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ബാങ്കില്‍ 75 ഗ്രാം സ്വര്‍ണം പണയംവെച്ച കടലായി സ്വദേശി മുകേഷിന്‍െറ പരാതിയിലായിരുന്നു പൊലീസ് കേസ്.

സ്വര്‍ണം പണയംവെച്ച മുകേഷ് 163700 രൂപ ബാങ്കില്‍നിന്നെടുത്തിരുന്നു. സ്വര്‍ണം തിരിച്ചെടുക്കാന്‍ എത്തിയപ്പോള്‍ പണയവസ്തു ബാങ്കില്‍നിന്ന് നഷ്ടപ്പെട്ടതായി അറിഞ്ഞു. ഇതേതുടര്‍ന്ന് കണ്ണൂര്‍ അസി.രജിസ്ട്രാര്‍ക്ക് പരാതി നല്‍കി. ഇതിന്‍െറ അടിസ്ഥാനത്തില്‍ ബാങ്ക് മാനേജര്‍ ലസിത, അക്കൗണ്ടന്‍റ് ഗോപി എന്നിവരെ അധികൃതര്‍ സസ്പെന്‍ഡ് ചെയ്തിരുന്നു.

രാജേന്ദ്രനെ ഞായറാഴ്ച സിറ്റി പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ രാജേന്ദ്രനെ ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തുനിന്നും പാര്‍ട്ടി അംഗത്വത്തില്‍നിന്നും നീക്കം ചെയ്തിരുന്നു.