പിന്നാക്ക വിഭാഗത്തില്‍പ്പെട്ടയാള്‍ അതേവിഭാഗത്തിലേക്ക് തന്നെ മതംമാറിയാൽ സംവരണം തുടരുമെന്ന് മദ്രാസ് ഹൈക്കോടതി

single-img
23 June 2015

gavel judge courtചെന്നൈ: പിന്നാക്ക വിഭാഗത്തില്‍പ്പെട്ടയാള്‍ മതംമാറിയാലും സംവരണം തുടരുമെന്ന് മദ്രാസ് ഹൈക്കോടതി. ഇസ്ലാമിലേക്ക് മതംമാറിയതിനെത്തുടര്‍ന്ന് പിന്നാക്ക വിഭാഗ ആനുകൂല്യം നിഷേധിക്കപ്പെട്ട ആര്‍. അയേഷ നല്‍കിയ ഹര്‍ജിയിന്മേലാണ് വിധി. 2005 -ലാണ് അയേഷ മതംമാറിയത്. 2014-ല്‍ മുസ്ലിം ലബ്ബായ് വിഭാഗക്കാരിയാണെന്ന സമുദായ സാക്ഷ്യപത്രം അയേഷയ്ക്ക് ലഭിച്ചു. ലബ്ബായ് വിഭാഗം തമിഴ്‌നാട്ടില്‍ പിന്നാക്ക സമുദായമാണ്.

കഴിഞ്ഞവര്‍ഷം സര്‍ക്കാര്‍ സര്‍വ്വീസില്‍ ടൈപ്പിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിച്ച അയേഷ എഴുത്തുപരീക്ഷയില്‍ പാസ്സായി. എന്നാല്‍ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ച തമിഴ്‌നാട് പി.എസ്.സി അധികൃതര്‍ അയേഷ ജന്മനാ മുസ്ലിം അല്ല എന്നകാരണം ചൂണ്ടിക്കാട്ടി നിയമനം നിഷേധിച്ചു. ഇതേത്തുടര്‍ന്നാണ് അവര്‍ കോടതിയിലെത്തിയത്.

പൊതുവിഭാഗത്തിലുള്ളവര്‍ക്ക് സര്‍ക്കാര്‍ നിയമനത്തിനുള്ള പ്രായപരിധി 30 വയസ്സാണ്. പിന്നാക്കവിഭാഗക്കാര്‍ക്ക് ഇതില്‍ ഇളവുണ്ട്. അയേഷയ്ക്ക് 32 വയസ്സായെന്നും പിന്നാക്ക വിഭാഗക്കാരിയല്ലാത്തതിനാല്‍ ജോലിക്ക് പരിഗണിക്കാനാവില്ലെന്നുമാണ് പി.എസ്.സി പറഞ്ഞത്. എന്നാല്‍ ഹിന്ദു പിന്നാക്ക വിഭാഗക്കാരിയായിരുന്ന അയേഷ ഇസ്ലാമിലേക്ക് മതംമാറിയെങ്കിലും പിന്നാക്ക വിഭാഗക്കാരിയായി തുടരുമെന്ന് കോടതി വ്യക്തമാക്കി.  അയേഷയെ പിന്നാക്ക വിഭാഗക്കാരിയായി പരിഗണിച്ച് ജോലി നല്‍കാനും കോടതി ഉത്തരവിട്ടു.