മാഗിയ്ക്ക് പിന്നാലെ യിപ്പി നൂഡില്‍സും ഭക്ഷ്യ സുരക്ഷാ അതോറിറ്റിയുടെ നിരീക്ഷണത്തില്‍

single-img
22 June 2015

yippeeഡെറാഡൂണ്‍: മാഗിയ്ക്ക് പിന്നാലെ യിപ്പി നൂഡില്‍സും ഭക്ഷ്യ സുരക്ഷാ അതോറിറ്റിയുടെ നിരീക്ഷണത്തില്‍. യിപ്പിയയുടെ പായ്ക്കില്‍ രേഖപ്പെടുത്തിയ പോഷകഘടകങ്ങളെ കുറിച്ച് ഫുഡ് സേഫ്റ്റി അതോറിറ്റി കമ്പനിയോട് വിശദീകരണം തേടി. കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ടൊബാക്കോ കമ്പനിയുടെ സണ്‍ഫീസ്റ്റ് ബ്രാന്‍ഡില്‍ വരുന്ന ഉല്‍പന്നമാണ് യിപ്പി.

യിപ്പീ നൂഡില്‍സിലടങ്ങിയ ഘടകങ്ങലെ കുറിച്ച് 15 ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാണ് ഭക്ഷ്യസുരക്ഷാ അധികൃതര്‍ ഐടിസിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. വെള്ളിയാഴ്ച്ചയാണ് നോട്ടീസ് നല്‍കിയത്. യിപ്പി നൂഡില്‍സിന്റെ മാജിക് മസാല, ക്ലാസിക് മസാല എന്നീ രണ്ട് ഇനങ്ങളുടെ സാമ്പിളുകള്‍ കൂടുതല്‍ പരിശോധനയ്ക്കായി ലാബിലേക്കയച്ചിട്ടുണ്ട്.

യിപ്പിയുടെ പായ്ക്കറ്റില്‍ രേഖപ്പെടുത്തിയ എനര്‍ജി, പ്രോട്ടീന്‍, കാര്‍ബോ ഹൈഡ്രേറ്റ്, പഞ്ചസാര, കാത്സ്യം എന്നിവ നൂഡില്‍സില്‍ അടങ്ങിയിട്ടുണ്ടെന്ന് തെളിയിക്കുന്ന പ്രൊഫൈലും അതിന് ബലം നല്‍കുന്ന എഫ്എസ്എസ്എഐയുടെ ലാബ് റിപ്പോര്‍ട്ടും ഹാജരാക്കാന്‍ ഐടിസിയോട് ആവശ്യപ്പെട്ടിട്ടുള്ളത്. കൂടാതെ നൂഡില്‍സിലെ രുചിക്കൂട്ടുകളുടെ വെജിറ്റേറിയന്‍ സര്‍ട്ടിഫിക്കറ്റും ആവശ്യപ്പെട്ടിട്ടുണ്ട്.

ഉല്‍പന്നത്തിന്റെ കാലാവധിയും ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധിക്കുന്നുണ്ട്. ഒമ്പത് മാസം വരെ ഉപയോഗിക്കാമെന്നാണ് പായ്ക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. മോണോ സോഡിയം ഗ്ലൂട്ടോമേറ്റ് അടങ്ങിയിട്ടില്ലെന്ന അവകാശവാദം യിപ്പിയുടെ പുതിയ പായ്ക്ക്റ്റുകളില്‍ നിന്നും ഐടിസി നീക്കം ചെയ്തിരുന്നു. മാഗിയില്‍ ഇതേ ഘടകം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി നേരിട്ടത്.

ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നോട്ടീസിന് 15 ദിവസത്തിനകം മറുപടി നല്‍കിയില്ലെങ്കില്‍ 2006ലെ എഫ്എസ്എസ്എഐ നിയമപ്രകാരം പായ്ക്കറ്റില്‍ രേഖപ്പെടുത്തിയ വാദങ്ങള്‍ കള്ളമാണെന്ന് വിലയിരുത്തി നടപടി സ്വീകരിക്കും. മാരക വിഷാംശം കണ്ടെത്തിയതിനെ തുടര്‍ന്ന് നെസ്ലെയുടെ മാഗി നൂഡില്‍സുകള്‍ നിരോധിച്ചതിന് പിന്നാലെയാണ് മറ്റൊരു ജനപ്രിയ ഉല്‍പന്നമായ യിപ്പിയിലേക്കും അന്വേഷണം നീണ്ടത്.