ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടര്‍ന്നു ഗൃഹനാഥന്‍ ജീവനൊടുക്കി; സഹോദരിമാർ പൊലീസ് പിടിയിൽ

single-img
22 June 2015

black-money-switzerland-begins-making-names-of-indian-account-holders-publicആലപ്പുഴ: ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടര്‍ന്നു ഗൃഹനാഥന്‍ ജീവനൊടുക്കിയ സംഭവത്തില്‍ സഹോദരിമാർ പൊലീസ് പിടിയിൽ. ആലപ്പുഴ പൂന്തോപ്പ് ശാലോം വീട്ടില്‍ സാലമ്മ ബാബു (49), കറുകയില്‍ വാര്‍ഡ് ജിഞ്ചു വില്ലയില്‍ മേഴ്‌സി ജയിംസ് (53) എന്നിവരാണ് അറസ്റ്റിലായത്. അമ്പലപ്പുഴ താലൂക്കിലെ റിട്ട. യുഡി ക്ലാര്‍ക്ക് പന്തോപ്പ് കൊല്ലശേരിവെളി എം.എം അംഗദന്‍ (57)നാണു കഴിഞ്ഞ ദിവസം ജീവനൊടുക്കിയത്.  ഗൃഹനാഥനെ ഭീഷണിപ്പെടുത്തിയ മൂന്നംഗ സംഘം സഞ്ചരിച്ച കാര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സംഘാംഗങ്ങള്‍ക്കായി അന്വേഷണം തുടരുന്നു.

ഒന്നര വര്‍ഷം മുന്‍പ് മരണപ്പെട്ട അംഗദന്‍ സമീപവാസിയായ സാലമ്മയില്‍ നിന്ന് നാലു ലക്ഷം രൂപ വായ്പ വാങ്ങിയിരുന്നു. ഇതിനു മാസം 8,000 രൂപ വീതം പലിശ നല്‍കിയിരുന്നെന്നു പൊലീസ് പറഞ്ഞു. അംഗദന്‍ ജോലിയില്‍ നിന്നു വിരമിച്ച ശേഷം പലിശ മുടങ്ങി. മുതലും പലിശയും ലഭിക്കാനായി സാലമ്മയും മേഴ്‌സിയും പതിവായി അംഗദന്റെ വീട്ടിലെത്തി ഭീഷണിപ്പെടുത്താറുണ്ടായിരുന്നു. എന്നാൽ ഏറെ നാള്‍ കഴിഞ്ഞിട്ടും ലഭിക്കാത്തതിനാല്‍ പണം വാങ്ങിച്ചെടുക്കാന്‍ ബിജെപി പ്രവര്‍ത്തകരായ സുരേഷ്, ശശികുമാര്‍, അനില്‍കുമാര്‍ എന്നിവരെ സാലമ്മയും മേഴ്‌സിയും ചുമതലപ്പെടുത്തി.

ഇവർ രണ്ടു ലക്ഷം രൂപ കഴിഞ്ഞ മാസവും രണ്ടു ലക്ഷം രൂപ അടുത്ത ഡിസംബറിലും നല്‍കാമെന്നു 100 രൂപ മുദ്രപത്രത്തില്‍ നിര്‍ബന്ധിച്ച് എഴുതിവാങ്ങിച്ചു. ഈ സമയത്തിനുള്ളില്‍ പണം നല്‍കിയില്ലെങ്കില്‍ വീട്ടുസാധനങ്ങള്‍ കൊണ്ടുപോകുമെന്നും വീട്ടില്‍ നിന്ന് ഇറക്കിവിടുമെന്നും കുടുംബാംഗങ്ങളെ ദ്രോഹിക്കുമെന്നും ഭീഷണി മുഴക്കിയതായാണു പൊലീസ് പറയുന്നത്. മേയില്‍ പണം നല്‍കാതായതോടെ ഭീഷണി ആവര്‍ത്തിച്ചെന്നും തുടര്‍ന്നാണ് അംഗദന്‍ ജീവനൊടുക്കിയതെന്നുമാണു കേസ്.

ഭീഷണിപ്പെടുത്താനായി ബിജെപി പ്രവര്‍ത്തകര്‍ അംഗദന്റെ വീട്ടിലെത്തിയ കാറും കരാര്‍ എഴുതിയ മുദ്രപത്രവും പൊലീസ് കസ്റ്റഡിയിലെടുത്തു. സാലമ്മയേയും മേഴ്‌സിയേയും ഇന്നു കോടതിയില്‍ ഹാജരാക്കും. അംഗദന്റെ മരണത്തെത്തുടര്‍ന്ന്, ഓപ്പറേഷന്‍ കുബേര പുനരാരംഭിക്കുന്നതായി മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. അംഗദന്റെ കുടുംബത്തിനു സൗജന്യമായി മൂന്നു സെന്റ് ഭൂമി നല്‍കാന്‍ മന്ത്രി നിര്‍ദേശിച്ചു.