വന്യജീവികളെ ഭരണിയിലടച്ചു ജപ്പാനിലേക്ക് കടത്താന്‍ ശ്രമിച്ച ജാപ്പനീസ് വന്യജീവി ഗവേഷകർ നെടുമ്പാശേരിയിൽ പിടിയിൽ

single-img
22 June 2015

kochiAirportനെടുമ്പാശേരി: കേരളത്തില്‍ നിന്നും വന്യജീവികളെ പിടിച്ചു ഭരണിയിലടച്ചു ജപ്പാനിലേക്ക് കടത്താന്‍ ശ്രമിച്ച ജാപ്പനീസ് വന്യജീവി ഗവേഷകരെ വനം വകുപ്പിനു കൈമാറി. ജീവികളോടൊപ്പം ബാറ്ററിയും കത്രികയും ഇട്ടതാണ് സുരക്ഷാ പരിശോധനയ്ക്കിടെ ഇവര്‍ പിടിയിലാകാന്‍ കാരണം.

ജപ്പാനില്‍ വന്യജീവി ഗവേഷണം നടത്തുന്ന സ്യൂട്ട ഷിബാസാക്കി (24), സുഹൃത്ത് മുരായി യോജ്ക (21)യും ശനിയാഴ്ച രാത്രി കൊളംബോ വഴി ജപ്പാനിലേക്ക് പോകാന്‍ ശ്രമിക്കവേ നെടുമ്പാശേരി വിമാനത്താവളത്തില്‍ എക്‌സ്‌റേ പരിശോധനയ്ക്കിടെ പിടിയിലായത്. രക്ത അണലി ഉള്‍പ്പെടെ വിവിധയിനം പാമ്പുകള്‍, ചിലന്തി, പല്ലി, ഓന്ത്, ആമകള്‍, മണ്ണിര തുടങ്ങിയവയാണ് ഇവരുടെ കൈവശമുണ്ടായിരുന്നത്.

കേരളത്തിലെ വനങ്ങളില്‍ ഇത്തരത്തിലുള്ള ഒട്ടേറെ ജീവികളുണ്ടെന്നു കേട്ടറിഞ്ഞ് ഇവയെ പിടികൂടാനായിട്ടാണ് ഗവേഷകനായ സ്യൂട്ട  സുഹൃത്തിനൊപ്പം രണ്ടാഴ്ച മുന്‍പ് കൊച്ചിയിലെത്തിയത്. അതിരപ്പിള്ളി പ്രദേശത്തു മുറിയെടുത്തു താമസിച്ച ഇവര്‍ അവിടുത്തെ ഉള്‍വനങ്ങളില്‍ കയറി ദിവസങ്ങള്‍ കൊണ്ടാണ് വിവിധയിനത്തില്‍ പെട്ട ഇരുപതോളം ജീവികളെ പിടികൂടിയത്.

പിടികൂടിയ ജന്തുക്കളെ മിഠായി ഭരണികളിലും മറ്റും ഇട്ട് ജീവനോടെ ജപ്പാനില്‍ എത്തിക്കാനുള്ള പരിപാടിയായിരുന്നു. ജീവികളെ പായ്ക്ക് ചെയ്തതോടൊപ്പം അത്യാവശ്യ ഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ വേണ്ടി കത്രിക, ടേപ്പ് തുടങ്ങിയവയും പ്ലാസ്റ്റിക് ഭരണികളോടൊപ്പം സൂക്ഷിച്ചിരുന്നു. ഇവയാണ് എക്‌സ്‌റേ പരിശോധനയില്‍ തെളിഞ്ഞത്. തുടര്‍ന്ന് ഇവരുടെ ബാഗുകള്‍ അഴിച്ച് പരിശോധിച്ചപ്പോഴാണ് ഏറെ മൂല്യമുള്ള വന്യജീവികളെ കുപ്പിയിലടച്ച് കൊണ്ടുപോകുന്നത് ശ്രദ്ധയില്‍പ്പെട്ടത്.

ഇന്ത്യയിലെ വന്യജീവി സംരക്ഷണ നിയമങ്ങള്‍ അറിയില്ലായിരുന്നു എന്നാണ് പിടിക്കപ്പെട്ടപ്പോള്‍ ഇവര്‍ പറഞ്ഞത്. കടുത്ത വിഷമുള്ള രക്ത അണലിയും ഇവര്‍ പിടികൂടിയവയിലുണ്ട്. അതിരപ്പിള്ളിയില്‍ നിന്ന് ഇവര്‍ തനിയെ ഇവയെ പിടികൂടുന്നത് വിഡിയോയില്‍ പകര്‍ത്തിയതും കണ്ടെടുത്തു.  വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിനു ശേഷം ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.