ലളിത് മോദി യാത്രരേഖകള്‍ ശരിയാക്കാന്‍ ബ്രിട്ടീഷ് രാജകുടുംബാംഗങ്ങളുടെ പേര് ദുരുപയോഗം ചെയ്തതായി ആരോപണം

single-img
22 June 2015

Lalit-modiലണ്ടന്‍: മുന്‍ ഐ.പി.എല്‍ കമ്മീഷണര്‍ ലളിത് മോദി യാത്രരേഖകള്‍ ശരിയാക്കാന്‍  ബ്രിട്ടീഷ് രാജകുടുംബാംഗങ്ങളുടെ പേര് ദുരുപയോഗം ചെയ്തതായി ആരോപണം. ചാള്‍സ് രാജകുമാരന്റെയും സഹോദരന്‍ ആന്‍ഡ്രൂ രാജകുമാരന്റെയും പേരുകളാണ് ദുരുപയോഗം ചെയ്തത്. സണ്‍ഡേ ടൈംസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ടുചെയ്തത്.

യാത്രരേഖ ലഭിക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ ആന്‍ഡ്രൂ രാജകുമാരനും ലളിത് മോദിയും തമ്മില്‍ കൂടിക്കാഴ്ച നടത്തി. കഴിഞ്ഞവര്‍ഷം ഭാര്യയുടെ ചികിത്സയുമായി ബന്ധപ്പെട്ട് പോര്‍ച്ചുഗലിലേക്ക് പോവുന്നതിന് തൊട്ടുമുന്പ് ലളിത് മോദി ആന്‍ഡ്രൂ രാജകുമാരനെ കണ്ടതായാണ് റിപ്പോര്‍ട്ട്.

എന്നാല്‍, രാജകുടുംബാംഗങ്ങളുടെ സ്വകാര്യ കൂടിക്കാഴ്ചകളെക്കുറിച്ച് പ്രതികരിക്കാനാവില്ലെന്നാണ് കൊട്ടാരം വക്താവ് പറഞ്ഞത്. ആന്‍ഡ്രൂ രാജകുമാരന്‍ ഇത്തരം കാര്യങ്ങളില്‍ സ്വാധീനം ചെലുത്തിയതായ വാര്‍ത്ത തെറ്റാണെന്നും കൊട്ടാരം വക്താവ് വിശദീകരിച്ചു.
ഐ.പി.എല്ലുമായി ബന്ധപ്പെട്ട സാന്പത്തിക ക്രമക്കേടുകളെ തുടര്‍ന്നാണ് 2010-ല്‍ മോദി ലണ്ടനിലേക്ക് കടക്കുന്നത്.

2014 മാര്‍ച്ചിലാണ് മോദിക്ക് ലണ്ടനില്‍ താമസിക്കാന്‍ അനുമതിലഭിക്കുന്നത്. തുടര്‍ന്ന് ബ്രിട്ടനിലെ യാത്ര സര്‍ട്ടിഫിക്കറ്റുകള്‍ക്ക് മോദി അപേക്ഷിച്ചു. മോദിയുടെ യാത്രരേഖകള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടീഷ് എം.പി. കീത്ത് വാസ് വിസയുടെ ചുമതലയുള്ള ഡയറക്ടര്‍ ജനറല്‍ സാറ റാപ്‌സൺ കത്തെഴുതി.

രണ്ടുദിവസംമുന്പ് പ്രിന്‍സ് ചാള്‍സിനെ കണ്ടു എന്നും ഇക്കാര്യം സംസാരിച്ചു എന്നുമായിരുന്നു മോദി പറഞ്ഞതെന്ന് വാസ് ഉദ്യോഗസ്ഥനോട് പറഞ്ഞു.

ജൂലായ് 21-ന് ചെല്‍സിയിലുള്ള മോദിയുടെ വീട്ടില്‍നിന്ന് ആന്‍ഡ്രൂ രാജകുമാരന്‍ ഇറങ്ങിവരുന്നത് കണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.
മോദിയുടെ യാത്രരേഖകള്‍ക്കുവേണ്ടി വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ബ്രിട്ടീഷ് എം.പി.ക്ക് കത്തെഴുതിയെന്ന വാര്‍ത്ത ഏറെ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. മാനുഷിക പരിഗണനവെച്ചാണ് സഹായിച്ചതെന്ന വാദമുയര്‍ത്തിയാണ് സുഷമ ഇതിനെ നേരിട്ടത്.