അടിയന്തര സാഹചര്യങ്ങളില്‍ ആംബുലന്‍സിനു പകരം ഹെലികോപ്റ്റര്‍ ഉപയോഗിക്കാനുള്ള സാധ്യത പരിശോധിക്കും- ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

single-img
20 June 2015

Ramesh-Chennithalaതിരുവനന്തപുരം: അടിയന്തര സാഹചര്യങ്ങളില്‍ ആംബുലന്‍സിനു പകരം ഹെലികോപ്റ്റര്‍ ഉപയോഗിക്കാനുള്ള സാധ്യത പരിശോധിക്കുമെന്നു ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇക്കാര്യത്തില്‍ ആരോഗ്യമന്ത്രിയുമായി ചര്‍ച്ച നടത്തും. ആംബുലന്‍സിന്റ വേഗപരിധിയില്‍ ഗതാഗതകമ്മീഷണറും ഡിജിപിയും  തമ്മില്‍ അഭിപ്രായ വ്യത്യാസമില്ല. ആംബുലന്‍സുകള്‍ക്ക് ഗതാഗത നിയമങ്ങള്‍ ബാധകമാണെന്നും അദ്ദേഹം പറഞ്ഞു.

വാഹനപരിശോധനയുടെ പേരില്‍ കൊല്ലത്ത് രക്തസാംപിളുകളുമായി പോയ ആംബുലന്‍സ് പൊലീസ് തടഞ്ഞ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി. കൊല്ലത്തെ സംഭവത്തില്‍ പൊലീസ് കൈക്കൊണ്ട നടപടിയെന്താണെന്ന് പരിശോധിക്കും. ഡോക്ടര്‍മാര്‍ക്കോ രോഗികള്‍ക്കോ ബുദ്ധിമുട്ടുണ്ടാകാന്‍ പാടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

രോഗിയുമായി പോകുന്ന ആംബുലന്‍സിന് വേഗപരിധി ബാധകമാക്കരുതെന്നും ഇവയെ വേഗപരിധിയില്‍ നിന്ന് ഒഴിവാക്കി വിജ്ഞാപനമിറക്കണമെന്നുമാവശ്യപ്പെട്ട് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എ.ഡി.ജി.പി ആര്‍.ശ്രീലേഖ സര്‍ക്കാരിന് കത്തയച്ചു. കേന്ദ്ര മോട്ടോര്‍ വാഹനനിയമത്തില്‍ ആംബുലന്‍സിന് വേഗപരിധി നിര്‍ബന്ധമല്ലെന്നും ഈ സാഹചര്യത്തില്‍ സംസ്ഥാനത്തും വേഗനിയന്ത്രണം ആവശ്യമില്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

രക്തസാംപിളുമായി പോയ ആംബുലന്‍സ് വാഹനപരിശോധനയുടെ പേരില്‍ കൊല്ലത്തുവച്ച് പൊലീസ് രണ്ടുതവണ തടഞ്ഞത് വാര്‍ത്തയായിരുന്നു. തുടര്‍ന്ന് കൊല്ലം പൊലീസ് കമ്മീഷണര്‍ ഇതിനെ ന്യായീകരിച്ച് ഡി.ജി.പിക്ക് റിപ്പോര്‍ട്ട് നല്‍കുകയും ആംബുലന്‍സുകള്‍ക്ക് അമിതവേഗം പാടില്ലെന്ന് ഡി.ജി.പി നിലപാട് എടുക്കുകയും ചെയ്തിരുന്നു.