ഒസാമ ബിൻലാദന്റെ മകൻ അമേരിക്കയോട് മരണസർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടിരുന്നതായി വിക്കീലീക്‌സ് വെളിപ്പെടുത്തൽ

single-img
20 June 2015

Osama bin Ladenറിയാദ്: കൊല്ലപ്പെട്ട അൽഖ്വായ്ദ നേതാവ് ഒസാമ ബിൻലാദന്റെ മകൻ അമേരിക്കയോട് മരണസർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടതായി വിക്കീലീക്‌സ് വെളിപ്പെടുത്തൽ. അമേരിക്കൻ സേന ഒസാമയെ കൊലപ്പെടുത്തിയതിന് പിന്നാലെയായിരുന്നു ഇയാൾ മരണ സർട്ടിഫിക്കറ്റിനായി അമേരിക്കയെ സമീപിച്ചത്. റിയാദിലെ അമേരിക്കൻ എംബസിയുടെ രേഖകൾ വിക്കീലീക്‌സ് വെബ്‌സൈറ്റിലൂടെ പുറത്ത് വിട്ടു.

ഒസാമയുടെ മകൻ അബ്ദുളള ബിൻലാദനുളള മറുപടിക്കത്തിൽ റിയാദിലെ അമേരിക്കൻ സ്ഥാനപതി ഗ്ലെൻ കെയ്‌സർ ആണ് ഒപ്പ് വച്ചിരിക്കുന്നത്. 2011 സെപ്റ്റംബർ ഒൻപതിനാണ് ഈ കത്ത് നൽകിയിട്ടുളളത്. അതായത് ലാദൻ കൊല്ലപ്പെട്ട് നാല് മാസത്തിന് ശേഷം. മരണസർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുളള കത്ത് ലഭിച്ചതായും എന്നാൽ അത്തരത്തിൽ ഒന്ന് നൽകേണ്ടതിന്റെ ആവശ്യമില്ലെന്ന് നിയമോപദേശം ലഭിച്ചതായും കെയ്‌സർ മറുപടി നൽകുന്നു. സൈനിക നടപടിയ്ക്കിടെ ഇത്തരത്തിൽ ആളുകൾ കൊല്ലപ്പെടാറുണ്ട്  കെയ്‌സർ പറയുന്നു.

അതേസമയം അമേരിക്കൻ കോടതി രേഖകൾ പ്രകാരം ഒസാമയുടെ മരണം ഒരു ക്രിമിനൽ കുറ്റത്തിനുളള ശിക്ഷയായാണ് രേഖപ്പെടുത്തിയിട്ടുളളത്. സൗദി വിദേശകാര്യ മന്ത്രലായത്തിന്റെ ലക്ഷക്കണക്കിന് രഹസ്യ വിവരങ്ങൾ തങ്ങളുടെ പക്കലുണ്ടെന്നും അവ വരും ദിവസങ്ങളിൽ പ്രസിദ്ധപ്പെടുത്തുമെന്നും വിക്കിലീക്‌സ് സൂചിപ്പിക്കുന്നു. സൗദിയിലെ പ്രമുഖ വ്യവസായ കുടുംബമാണ് ബിൻലാദൻമാരുടേത്. 1994ൽ ഒസാമയുടെ പൗരത്വം സൗദി സർക്കാർ റദ്ദാക്കിയിരുന്നു.