‘മോഡി ഇപ്പോള്‍ യോഗയുടെ പുതിയ രൂപമായ ‘ലളിത് ആസന’ത്തിൽ’, ലളിത് മോഡി വിഷയത്തിൽ പ്രധാനമന്ത്രിയുടെ മൗനത്തെ പരിഹസിച്ച് ജയറാം രമേശ്

single-img
20 June 2015

modi-visaന്യൂഡല്‍ഹി: ലളിത് മോഡി വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മൗനത്തെ പരിഹസിച്ച് കോണ്‍ഗ്രസ്. മോഡി ഇപ്പോള്‍ യോഗയുടെ പുതിയ രൂപമായ ‘ലളിത് ആസന’യിലാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. കണ്ണും ചെവിയും മൂക്കും അടച്ചുള്ള പ്രത്യേക തരം യോഗയിലാണ് മോഡിയെന്നും യോഗാ ദിവസിന് ശേഷം അദ്ദേഹം വാ തുറക്കുമായിരിക്കുമെന്നും ജയറാം രമേശ് പറഞ്ഞു.

നാളെയാണ് അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന് പ്രധാനമന്ത്രി തുടക്കമിടുന്നത്. എന്നാൽ ഇതുവരെയായി നരേന്ദ്രമോഡി  കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജും രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജ സിന്ധ്യും അകപ്പെട്ട ലളിത് മോഡി വിവാദത്തില്‍ പ്രതികരിച്ചിട്ടില്ല. അഴിമതിക്കേസില്‍ ആരോപണ വിധേയനായ മുന്‍ ഐപിഎല്‍ മേധാവി ലളിത് മോഡിയെ വഴിവിട്ട് സഹായിച്ചതിന് പ്രതിപക്ഷം ഇരുവരുടെയും രാജി ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം ജയറാം രമേശിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ബിജെപി രംഗത്തെത്തി. കോണ്‍ഗ്രസിന് നത്മസ്തക് ആസന (വണങ്ങുക) മാത്രമാണ് അറിയുകയുള്ളു. പത്തുവര്‍ഷക്കാലമായി അവര്‍ പത്താം നമ്പര്‍ ജന്‍പഥിന് മുമ്പില്‍ അതുമാത്രമാണ് ചെയ്തിരുന്നതെന്നും ബിജെപി വക്താവ് സംബിത് പത്ര പറഞ്ഞു.