ആഗോള സമാധാന സൂചികയില്‍ ഇന്ത്യയ്ക്ക് 143ാം സ്ഥാനം; അഴിമതിയും സാമുദായിക സംഘര്‍ഷങ്ങളുമാണ് ഇന്ത്യയെ 162 രാഷ്ട്രങ്ങളുടെ പട്ടികയില്‍ പിറകിലെത്തിച്ചത്

single-img
20 June 2015

maoists295സിഡ്‌നി: ഇന്ത്യ ഒട്ടും സമാധാനമില്ലാത്ത രാജ്യമായി മാറുന്നു. ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ സമാധാനത്തിന്റെ കാര്യത്തിൽ ഇന്ത്യയ്ക്ക് 143ാം സ്ഥാനമാണുള്ളത്. 162 രാഷ്ട്രങ്ങളുടെ സമാധാനപട്ടികയില്‍ ഏറ്റവും പിറകിലാണ് ഇന്ത്യ. മാവോയിസ്റ്റ് മുന്നേറ്റമാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ആഭ്യന്തര വെല്ലുവിളിയെന്നും റിപ്പോര്‍ട്ട് പറയുന്നു. സിഡ്നി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഗോള സംഘടനയായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക്ക്‌സ് ആന്‍ഡ് പീസ് ആണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

2008ല്‍ ആഗോള സമാധാന സൂചികയില്‍ ഇന്ത്യുടെ സ്ഥാനം 138 ആയിരുന്നു. അയല്‍ രാഷ്ട്രങ്ങളായ ചൈനയുടെയും പാകിസ്ഥാന്റെയും വെല്ലുവിളി രാജ്യത്തിന് പുറത്തുനിന്നുള്ള സുരക്ഷാ ഭീഷണിയായി നിലനില്‍ക്കുന്നുവെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

അഴിമതിയും സാമുദായിക സംഘര്‍ഷങ്ങളുമാണ് ഇന്ത്യയെ ലോക സമാധാന പട്ടികയില്‍ പിറകിലെത്തിച്ച മറ്റു കാരണങ്ങള്‍. ജനസംഖ്യാ വൈവിധ്യം വംശീയ സംഘര്‍ഷങ്ങള്‍ക്കിടയാക്കുന്നു. പൊളിറ്റിക്കല്‍ ടെറര്‍ സ്‌കെയിലില്‍ ഇന്ത്യ ഏറ്റവും മോശമായ അവസ്ഥയിലാണുള്ളത്.

ആഗോള ഭീകരതാ സൂചികയില്‍ പത്ത് രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഇന്ത്യ നാലാമതാണ്. മാവോയിസ്റ്റ് മുന്നേറ്റം രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്ക് കനത്ത വെല്ലുവിളിയാണ് സൃഷ്ടിക്കുന്നതെന്നും 20000ത്തോളം വരുന്ന സായുധ പോരാളികള്‍ സുരക്ഷാ ജീവനക്കാര്‍ക്കും സാധാരണക്കാര്‍ക്കും ഒരുപോലെ ഭീഷണി സൃഷ്ടിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.

ആഭ്യന്തര സുരക്ഷാ വെല്ലുവിളിയും അയല്‍ രാഷ്ട്രങ്ങളുടെ വെല്ലുവിളിയും നേരിടാനാണ് ജിഡിപിയുടെ 4.7 ശതമാനവും ഇന്ത്യ ഉപയോഗിക്കുന്നത്. ഏകദേശം 341.7 ബില്യണ്‍ ഡോളര്‍ വരുമിത്. india-peaceindex

ഐസ്ലന്‍ഡ് ആണ് ഏറ്റവും സമാധാന പൂര്‍ണമായ രാജ്യം. ഡെന്‍മാര്‍ക്ക്, ഓസ്ട്രിയ, ന്യൂസിലാന്‍ഡ്, സ്വിറ്റ്‌സര്‍ലണ്ട്, ഫിന്‍ലന്‍ഡ്, കാനഡ, ജപ്പാന്‍, ഓസ്‌ട്രേലിയ, ചെക്ക് റിപ്പബ്ലിക്ക് എന്നിവയാണ് ആദ്യ പത്ത് റാങ്കുകളില്‍ ഇടം നേടിയ രാഷ്ട്രങ്ങള്‍. അമേരിക്കയുടെ സ്ഥാനം 94 ആണ്. സിറിയ, ഇറാഖ്, അഫ്ഗാനിസ്താന്‍ എന്നീ രാഷ്ട്രങ്ങളാണ് ഏറ്റവും പിറകിലുള്ള രാഷ്ട്രങ്ങള്‍.