കൊച്ചിയില്‍ നൂറ് കോടി രൂപയുടെ കയറ്റുമതി തട്ടിപ്പ് റവന്യൂ ഇന്റലിജന്‍സ് പിടികൂടി

single-img
20 June 2015

containerകൊച്ചി: കൊച്ചിയില്‍ നൂറ് കോടി രൂപയുടെ കയറ്റുമതി തട്ടിപ്പ് റവന്യൂ ഇന്റലിജന്‍സ് പിടികൂടി. മുംബൈ കേന്ദ്രമാക്കിയുളള ആര്‍.കിഷന്‍ ആന്റ് കമ്പനി എന്ന സ്ഥാപനത്തിന്റെ ഉടമ കിഷനെ അറസ്റ്റ് ചെയ്തു. കയറ്റുമതിയുടെ മറവില്‍ 700 കോടിയുടെ ഹവാല ഇടപാട് നടന്നെന്നാണ് കണ്ടെത്തല്‍. സ്വദേശി ഉല്പന്നങ്ങളുടെ കയറ്റുമതി പ്രോത്സാഹിപ്പിക്കാൻ കേന്ദ്ര സർക്കാർ ആവിഷ്‌കരിച്ച പദ്ധതികളിലൂടെയാണ് തട്ടിപ്പ് നടത്തിയത്.

കയറ്റുമതിയുടെ മറവിൽ കളളപ്പണം വെളുപ്പിക്കലാണ് നടക്കുന്നതെന്നും 12.5 കോടി രൂപയുടെ സ്‌പോര്‍ട്സ് ഉപകരണങ്ങള്‍ മുംബൈയില്‍നിന്നും കൊച്ചിയില്‍നിന്നുമായി പിടികൂടിയെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. അറസ്റ്റിലായ കിഷനെ റിമാന്‍ഡ് ചെയ്തു. കോടിക്കണക്കിന് രൂപയുടെ കായിക ഉപകരണങ്ങള്‍ കൊച്ചി വല്ലാര്‍പാടം തുറമുഖം വഴി തുടര്‍ച്ചയായി കയറ്റുമതി ചെയ്യുന്ന സ്ഥാപനത്തെക്കുറിച്ചുളള അന്വേഷണമാണ് തട്ടിപ്പിന്റെ ചുരുളഴിച്ചത്.

കയറ്റുമതിയെന്ന പേരില്‍ മുംബൈയില്‍ നിന്ന് വാങ്ങുന്ന കോടിക്കണക്കിന് രൂപയുടെ ഫുട്‌ബോളും മറ്റ് കായിക ഉപകരണങ്ങളും റോഡുമാര്‍ഗം കൊച്ചിയിലെത്തിക്കും. തുടര്‍ന്ന് കിഷന്റെ മകന്റെ ഉടമസ്ഥതയിലുളള  ദുബായിലെ സ്ഥാപനത്തിലേക്ക് കയറ്റുമതി ചെയ്യും. ഇതേ കായിക ഉപകരണങ്ങള്‍ കിഷന്‍ തന്നെ മറ്റൊരു ഇറക്കുമതി ലൈസന്‍സിന്റെ മറവില്‍ മുംബൈയിലെത്തിക്കും. ഇത് വീണ്ടും കൊച്ചിയിലെത്തിത്ത് ദുബായിലേക്ക് കടത്തും.

ഇത്തരത്തില്‍ ഒരേ കണ്ടെയ്‌നര്‍നെ തന്നെ പല തവണ കയറ്റുമതിയെന്ന പേരില്‍ വിദേശരാജ്യങ്ങളില്‍പ്പോയി മടങ്ങിയെത്തും. ഈ കയറ്റുമതി കച്ചവടത്തിന്റെ മറവില്‍ ഹവാല ഇടപാടും കളളപ്പണം വെളിപ്പിക്കലുമാണ് നടന്നുവന്നതെന്ന് ഡിആര്‍ഐ അറിയിച്ചു. ഒപ്പം കോടിക്കണക്കിന് കയറ്റിമതി ചെയ്യുമ്പോള്‍ കിട്ടുന്ന കോടികളുടെ നികുതിയിളവും  നേടി.