സ്‌കോട്ട്‌ലന്‍ഡിലെ കാന ദ്വീപില്‍ അന്‍പത് വര്‍ഷത്തിന് ശേഷം ആദ്യത്തെ കുറ്റകൃത്യം റിപ്പോര്‍ട്ട്‌ ചെയ്തു

single-img
19 June 2015

canaലണ്ടന്‍: സ്‌കോട്ട്‌ലന്‍ഡിലെ കാന ദ്വീപില്‍ അന്‍പത് വര്‍ഷത്തിന് ശേഷം ആദ്യമായി ഒരു കുറ്റകൃത്യം റിപ്പോര്‍ട്ട്‌ ചെയ്തു. കാന കമ്യൂണിറ്റി ട്രസ്റ്റിന്റെ കീഴിലുള്ള  മധുരപലഹാരങ്ങളും അലങ്കാര വസ്തുക്കളും വില്‍ക്കുന്ന കടയാണ്  കൊള്ളയടിക്കപ്പെട്ടിരിക്കുന്നത്. മിഠായി പാക്കറ്റുകള്‍, ബിസ്‌ക്കറ്റ്‌, ബാറ്ററി തുടങ്ങിയവയാണ്‌ ദ്വീപിലെ ഏക ഷോപ്പില്‍ നിന്ന്‌ നഷ്‌ടപ്പെട്ടത്‌. 200 പൗണ്ടിന്റെ വസ്‌തുക്കള്‍ നഷ്‌ടപ്പെട്ടു. അതേസമയം ഷോപ്പില്‍ നിന്ന്‌ പണം അപഹരിച്ചിട്ടില്ല. നീണ്ട അന്‍പത് വര്‍ഷത്തിന് ശേഷം ഇവിടെ സംഭവിക്കുന്ന ആദ്യത്തെ കുറ്റകൃത്യമാണ് ഇത്.

26 പേര്‍ മാത്രം ജീവിക്കുന്ന കാന ദ്വീപില്‍ 1960ല്‍ പള്ളിയില്‍നിന്ന് മരത്തിന്റെ ഫലകം മോഷണം പോയതാണ് അവസാനം നടന്ന കുറ്റകൃത്യം. ഈ പാത്രം ഇതുവരെ കണ്ടെത്തിയിട്ടില്ല.

ദ്വീപിലുളള മീന്‍പിടുത്തക്കാര്‍ക്ക് എല്ലാ സമയവും ഉപയോഗികക്കാന്‍ കഴിയുന്ന വിധത്തില്‍ രാത്രി മുഴുവന്‍ തുറന്നിരിക്കുന്ന കടയാണ് മോഷണത്തിന് ഇരയായത്. ആവശ്യമായ പച്ചക്കറികള്‍ എടുത്തശേഷം പണം ‘നേരിന്റെ പെട്ടി’യില്‍ നിക്ഷേപിക്കുന്നതായിരുന്നു ഇവിടുത്തെ രീതി.

പുറത്ത് നിന്നും വന്ന മീന്‍പിടുത്തക്കാരാണ് മോഷണം നടത്തിയതെന്നാണ് കാന ദ്വീപില്‍ താമസിക്കുന്നവര്‍ പറയുന്നത്. കാന കമ്യൂണിറ്റി ഡെവലപ്‌മെന്റ് ട്രസ്റ്റ് ഇക്കാര്യം സൂചിപ്പിച്ച് കൊണ്ട് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. വളരെ ദുഖകരമായ വാര്‍ത്തയാണ് ഇതെന്നും നാല് വര്‍ഷമായി വിശ്വാസ്യതയോടെ പ്രവര്‍ത്തിച്ച കടയാണ് മോഷണത്തിന് ഇരയായതെന്നും ഫെയ്‌സ്ബുക്ക് കുറിപ്പില്‍ കാന കമ്യൂണിറ്റി ഡെവലപ്‌മെന്റ് ട്രസ്റ്റ്  പറയുന്നു.