സോളാര്‍ തട്ടിപ്പിൽ പ്രതികള്‍ക്ക് ശിക്ഷ ലഭിച്ചത് സര്‍ക്കാരിന്റെ വിജയമെന്ന് മുഖ്യമന്ത്രി;തട്ടിപ്പ് കേസ് ഒതുക്കാൻ സരിതയ്ക്ക് സഹായം ചെയ്തത് മുഖ്യമന്ത്രിയെന്ന് സരിതയുടെ മുൻ അഭിഭാഷകൻ ഫെനി ബാലകൃഷ്ണൻ

single-img
19 June 2015

23654176-1സോളാർ കേസിൽ സർക്കാർ സ്വീകരിച്ച നിലപാട് പൂർണമായും ശരിയെന്ന് തെളിയിക്കുന്നതാണ് ആദ്യ കേസിൽ ഉണ്ടായ കോടതി വിധിയെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി.താൻ കത്തു കൊടുത്തു എന്നായിരുന്നു ആരോപണം. എന്നാൽ, കത്ത് വ്യാജമാണെന്ന് കോടതി തന്നെ വിധിന്യായത്തിൽ പറഞ്ഞിട്ടുണ്ട്. അത് പോലും പല മാദ്ധ്യമങ്ങളും മറച്ചു വച്ചു എന്നും മുഖ്യമന്ത്രി പറഞ്ഞു.

സർക്കാരിനെ നൂറ് ശതമാനം ന്യായീകരിച്ചു കൊണ്ടുള്ള വിധിയാണ് കോടതിയുടേത്. കേസിലെ പരാതിക്കാരനായ ബാബുരാജൻ പറഞ്ഞത് അയാൾ എന്നെ കണ്ടുവെന്നാണ്. എന്നാൽ, ബാബുരാജനെ താൻ കണ്ടിട്ടേയില്ല.പരാതിയുമായി ആഭ്യന്തര മന്ത്രിയെയാണ് വന്നു കണ്ടത്. അപ്പോൾ തന്നെ അന്വേഷണത്തിന് ഉത്തരവിട്ടുവെന്നും ഉമ്മൻചാണ്ടി വിശദീകരിച്ചു.

അതേസമയം സോളാര്‍ തട്ടിപ്പ് കേസ് പ്രതി സരിതാ എസ്. നായര്‍ക്ക് കേസുകളൊതുക്കാന്‍ സാമ്പത്തികസഹായം നല്‍കിയിരുന്നത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്നെയെന്ന് സരിതയുടെ മുൻ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണൻ പറയുന്ന ദൃശ്യങ്ങൾ റിപ്പോർട്ടർ ചാനൽ പുറത്ത് വിട്ടു‍.കോണ്‍ഗ്രസ് നേതാവായ തമ്പാനൂര്‍ രവി മുഖേന നല്‍കിയിരുന്ന പണം പലതവണ താന്‍ പോയി വാങ്ങിയിട്ടുണ്ടെന്നും ഫെനി ബാലകൃഷ്ണന്‍ പറയുന്ന ദൃശ്യങ്ങളാണു റിപ്പോർട്ടർ ചാനൽ സംപ്രേക്ഷണം ചെയ്തത് . മന്ത്രിമാരായ അടൂര്‍ പ്രകാശ്, ആര്യാടന്‍ മുഹമ്മദ്, കെ.സി വേണുഗോപാല്‍ എം.പി, എ.പി അബ്ദുള്ളക്കുട്ടി എം.എല്‍.എ എന്നിവരും സരിതയ്ക്ക് പണം നല്‍കിയതായി ഇവരുടെ സംഭാഷണത്തിലുണ്ട്.

ഫെനി ബാലകൃഷ്ണന്‍. ടീം സോളാര്‍ കമ്പിനിയുടെ മുന്‍ മാനേജര്‍ രാജശേഖരന്‍, വക്കീല്‍ ഗുമസ്തനായ രഘു എന്നിവരുമായി നടത്തിയ സംഭാഷണത്തിൽ തമ്പാനൂര്‍ രവി വശം ഇപ്പോഴും സരിതയ്ക്ക് പണമെത്തുന്നതായും ആര്‍. ബാലകൃഷ്ണപിള്ളയുടെ ബന്ധു ശരണ്യ മനോജും പണമിടപാടില്‍ ഇടനിലനിന്നിരുന്നെന്നും പറയുന്നു.സരിത ജയിലില്‍ കഴിഞ്ഞ സമയത്ത് താന്‍ മുഖ്യമന്ത്രിയുമായി ഫോണില്‍ സംസാരിച്ചപ്പോള്‍ വേണ്ട സഹായങ്ങളെല്ലാം ചെയ്തിട്ടുണ്ടെന്നാണ് അദ്ദേഹം പറഞ്ഞതെന്നും സരിതയുടെ മുൻ അഭിഭാഷകൻ പറയുന്നുണ്ട്.

അതേസമയം ഫെനി ബാലകൃഷ്ണന്റെ വെളിപ്പെടുത്തലുകളെ കുറിച്ച് തനിക്കൊന്നും അറിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.താന്‍ ആദ്യമായിട്ടാണ് ഇത്തരത്തിലൊരു കാര്യം കേള്‍ക്കുന്നതെന്നും ഇന്നലെ സരിതക്കും ബിജു രാധാകൃഷ്ണനും നല്‍കിയ കോടതി വിധിയില്‍ ബുദ്ധിമുട്ടുള്ളവരാണ് ഓരോന്ന് പറയുന്നതെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് വ്യക്തമാക്കി.