യേശുക്രിസ്‌തു അഞ്ചപ്പം കൊണ്ട്‌ അയ്യായിരം പേരെ ഊട്ടിയെന്ന്‌ വിശ്വസിക്കപ്പെടുന്നത് പള്ളിക്ക് നേരെ സായുധആക്രമണം

single-img
19 June 2015

jesus-churchജറുസലേം: വടക്കന്‍ ഇസ്രായേലിലെ ഗലീലി കടപ്പുറത്ത്‌ സ്‌ഥിതി ചെയ്യുന്ന അഞ്ചാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച ടാബ്‌ഗയിലെ ബൈസാന്റിന്‍ പള്ളിയ്ക്ക് നേരെ സായുധആക്രമണം. യേശുക്രിസ്‌തു അഞ്ചപ്പം കൊണ്ട്‌ അയ്യായിരം പേരെ ഊട്ടിയെന്ന്‌ വിശ്വസിക്കപ്പെടുന്നത് ഈ പള്ളിയാണ്. ദിവസേനെ 5000 പേര്‍ സന്ദര്‍ശിക്കുന്ന സൈറ്റുകളില്‍ ഒന്നാണ്‌ ഇത്‌.

അകത്തും പുറത്തുമായി പള്ളിക്ക്‌ കനത്ത നാശം സംഭവിച്ചതായിട്ടാണ്‌ റിപ്പോര്‍ട്ട്‌. പള്ളി അഗ്നിബാധയ്‌ക്ക് ഇരയാകുകയും ഭിത്തികള്‍ക്ക്‌ കേടുപാടുകള്‍ ഉണ്ടാകുകയും ചെയ്‌തിട്ടുണ്ട്‌. പള്ളിക്കുള്ളില്‍ ഭിത്തിയില്‍ ഹീബ്രു ഭാഷയില്‍ ‘വ്യാജ ദൈവങ്ങള്‍’ എന്ന്‌ കുറിച്ചിട്ടുണ്ട്‌. ഇസ്രായേല്‍ സമയം പുലര്‍ച്ചെ അഗ്നിശമനസേന വന്ന്‌ തീ കെടുത്തി. പ്രാര്‍ത്ഥനാഹാളിന്‌ ഒന്നും സംഭവിച്ചില്ല. പുക ശ്വസിച്ച്‌ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്‌. സംഭവവുമായി ബന്ധപ്പെട്ട്‌ 16 യുവാക്കളെ ഇസ്രായേല്‍ പോലീസ്‌ അറസ്‌റ്റ് ചെയ്‌തെങ്കിലും ഇവര്‍ക്കെതിരേ തെളിവില്ലാത്തതിനാല്‍ വിട്ടയച്ചു.

പലസ്‌ഥീന്‍ തീവ്രവാദികളാണ്‌ ആക്രമണത്തിന്‌ പിന്നിലെന്നാണ്‌ ഇസ്രായേല്‍ സംശയിക്കുന്നത്‌. സംഭവത്തെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉള്‍പ്പെടെയുള്ളവര്‍ അപലപിക്കുകയും ദ്രുതഗതിയിലുള്ള അന്വേഷണത്തിന്‌ ഉത്തരവിടുകയും ചെയ്‌തിട്ടുണ്ട്‌. ഇസ്രായേലി പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌.