സോളർ കേസിൽ മന്ത്രിമാർക്കും എംഎൽഎമാർക്കും പങ്കുണ്ടെന്ന് സരിത എസ്. നായർ;തന്നെ സംരക്ഷിക്കാമെന്ന് പറഞ്ഞവർ കൂടെയുണ്ടായില്ല

single-img
19 June 2015

Sarithaതിരുവനന്തപുരം: തന്നെ സഹായിക്കാമെന്ന് ഏറ്റവര്‍ സഹായിച്ചില്ലെന്ന് സരിതാ നായര്‍. ഭരണം കൈയ്യിലുണ്ടെന്ന് കരുതി തന്നെ ആരും ഇല്ലാതാക്കാന്‍ ശ്രമിക്കേണ്ടെന്നും സോളാര്‍ കേസില്‍ കഠിന തടവിന് ശിക്ഷിക്കപ്പെട്ട സരിത മാധ്യമങ്ങളോട് പറഞ്ഞു.

ജോസ് കെ.മാണിയെക്കാള്‍ ഉന്നതര്‍ സോളാര്‍ കേസിലുണ്ട്. എം.എല്‍.എമാരും മന്ത്രിമാരും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അഴിമതിയെക്കുറിച്ച് തനിക്കറിയാവുന്നതെല്ലാം പറയുമെന്നും സരിത പറഞ്ഞു. തന്റെ വെളിപ്പെടുത്തല്‍ അരുവിക്കര തിരഞ്ഞെടുപ്പിനെ ബാധിക്കുമോ എന്നത് തന്റെ പ്രശ്‌നമല്ല. ഇന്നലെയാണ് സോളാര്‍ കേസുകളിലെ ആദ്യ വിധി പുറത്തു വന്നത്.

തനിക്ക് വെളിപ്പെടുത്താനുള്ളത് ലൈംഗിക ആക്ഷേപങ്ങളൊന്നുമല്ല. മറിച്ച് സോളാര്‍ കേസുമായി ബന്ധപ്പെട്ടു നടന്ന അഴിമതിയെക്കുറിച്ചുള്ള വിശദാംശങ്ങളാണെന്നും സരിത വ്യക്തമാക്കി. തന്നെ ബലിയാടാക്കിയവര്‍ ഭരണത്തിന്റെ തണലില്‍ കഴിയുകയാണെന്നും സരിത ആരോപിച്ചു. സരിതക്ക് ശിക്ഷ വിധിച്ചെങ്കിലും ഒരു മാസത്തെ ജാമ്യം കോടതി അനുവദിക്കുകയായിരുന്നു.

വിവാദം സൃഷ്ടിച്ച സോളാര്‍ തട്ടിപ്പ് പരമ്പരയിലെ കേസുകളില്‍ ഒന്നില്‍ പ്രതികളായ ബിജു രാധാകൃഷ്ണനും സരിത എസ്.നായര്‍ക്കും ആറു വര്‍ഷം കഠിനതടവ് ശിക്ഷയാണ് കോടതി വിധിച്ചത്. വിദേശമലയാളിയും ആറന്മുള സ്വദേശിയുമായ ബാബുരാജിനെ പറ്റിച്ച് 1.19 കോടി രൂപ തട്ടിയെടുത്തു എന്ന് ആറന്മുള പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് പത്തനംതിട്ട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് വിധി പ്രസ്താവിച്ചത്.

വ്യത്യസ്ത വകുപ്പുകളില്‍ മൂന്നു വര്‍ഷം വീതമാണ് ആറു വര്‍ഷം കഠിനതടവ്. ഒരേ വകുപ്പില്‍ മൂന്നു വര്‍ഷം വരെ മാത്രമേ തടവുള്ളൂ എന്നതിനാല്‍ സരിതയ്ക്ക് കോടതി ഒരു മാസത്തെ ജാമ്യം അനുവദിച്ചു. ബിജു രാധാകൃഷ്ണന്‍ രശ്മി വധക്കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്നതിനാല്‍ ജയിലിലേക്കുതന്നെ മടങ്ങി. അതേസമയ സരിതക്ക് എന്താണെന്ന് പറയാനുള്ളതെന്നത് സംബന്ധിച്ച് തനിക്ക് ഒന്നും പറയാനില്ലെന്ന് സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍ പറഞ്ഞു.