2002ലെ ഗുജറാത്ത് കലാപത്തിൽ നരേന്ദ്ര മോദിക്ക് ക്ലീൻ ചിറ്റ് നൽകിയ വൈ.സി മോദിയെ സി.ബി.ഐ അഡീഷണല്‍ ഡയറക്ടറായി നിയമിക്കുന്നു

single-img
18 June 2015

modiന്യൂഡല്‍ഹി: 2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട മൂന്നു കേസുകളില്‍ നരേന്ദ്ര മോദിക്ക് ക്ലീൻ ചിറ്റ് നൽകിയ ഉദ്യോഗസ്ഥനെ സി.ബി.ഐ അഡീഷണല്‍ ഡയരക്ടറായി നിയമിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു.  മേഘാലയ കേഡര്‍ ഉദ്യോഗസ്ഥന്‍ വൈ.സി മോദിയുടെ നിയമനം സംബന്ധിച്ചു അടുത്ത ഏതാനും ദിവസത്തിനകം സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കുമെന്നു ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

യു.പി.എ സര്‍ക്കാറിന്റെ കാലത്ത് സി.ബി.ഐ അഡീഷണല്‍ ഡയരക്ടറായി നിയമിച്ചിരുന്ന 1980 തമിഴ്‌നാട് കേഡര്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ അര്‍ച്ചന രാമസുന്ദരത്തെ ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ (എന്‍.സി.ആര്‍.ബി) ഡയരക്ടറായി നിയമിച്ചു. 2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട മൂന്നു കേസുകളില്‍ സുപ്രീം കോടതി നിയമിച്ച പ്രത്യേക അന്വേഷണ സംഘാംഗമായിരുന്നു വൈ.സി മോദി.  മുന്‍ കോണ്‍ഗ്രസ് എം.പി ഇഹ്‌സാന്‍ ജാഫ്രിയടക്കം 69 പേര്‍ കൊല്ലപ്പെട്ട ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊല കേസിലടക്കം മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്കു എസ്.ഐ.ടി ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു.

നരോദ പാട്യ, നരോദ ഗാവോണ്‍, ഗുല്‍ബര്‍ഗ സൊസൈറ്റി എന്നീ മൂന്നു കേസുകളായിരുന്നു വൈ.സി മോദി അന്വേഷിച്ചിരുന്നത്.  നേരത്തെ മോദിയുടെ എതിരാളിയായിരുന്ന ബി.ജെ.പി നേതാവ് ഹരന്‍ പാണ്ഡ്യ വധക്കേസില്‍ അന്വേഷണത്തിനു മേല്‍നോട്ടം വഹിച്ചിരുന്നതും വൈ.സി മോദി യായിരുന്നു.

2011 ഓഗസ്റ്റില്‍ ഗുജറാത്ത് ഹൈക്കോടതി ഹരന്‍ പാണ്ഡ്യ വധക്കേസില്‍ 12 പേരെ വെറുതെ വിട്ടിരുന്നു. സി.ബി.ഐക്കെതിരെ നിശിത വിമര്‍ശമാണ് കോടതി നടത്തിയിരുന്നത്. പൊതു ഖജനാവിന്റെ പണം വെറുതെ ചെലവഴിക്കുകയും കോടതിയുടെ സമയം മെനക്കെടുത്തുകയും ചെയ്യുന്നതും കണ്ണടച്ചു കൊണ്ടുള്ളതുമാണ് അന്വേഷണമെന്നു കോടതി വിമര്‍ശിച്ചിരുന്നു.