അഖിലേന്ത്യാ മെഡിക്കൽ പ്രവേശന പരീക്ഷ; നാലാഴ്ചയ്ക്കകം നടത്താനാകില്ലെന്ന് സി.ബി.എസ്.ഇ സുപ്രീം കോടതിയിൽ

single-img
18 June 2015

cbseന്യൂഡൽഹി: അഖിലേന്ത്യാ മെഡിക്കൽ പ്രവേശന പരീക്ഷ നാലാഴ്ചയ്ക്കകം നടത്താനാകില്ലെന്ന് സി.ബി.എസ്.ഇ സുപ്രീം കോടതിയെ അറിയിച്ചു. ചുരുങ്ങിയ സമയം കൊണ്ട് പരീക്ഷ നടത്താനാവില്ല. അതിനാൽ പരീക്ഷ നടത്താൻ കൂടുതൽ സമയം അനുവദിക്കണമെന്ന് സി.ബി.എസ്.ഇ കോടതിയോട് ആവശ്യപ്പെട്ടു. ഇക്കാര്യം വ്യക്തമാക്കി സി.ബി.എസ്.ഇ ഇന്ന് നൽകിയ അപേക്ഷ കോടതി നാളെ പരിഗണിക്കും.

ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് സി.ബി.എസ്.ഇ മേയ് മൂന്നിന് നടത്തിയ അഖിലേന്ത്യാ മെഡിക്കൽ പ്രവേശന പരീക്ഷ സുപ്രീംകോടതി റദ്ദാക്കുകയും പുതിയ പരീക്ഷ നാലാഴ്ചയ്ക്കകം നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

രണ്ടായിരം സീറ്റുകളിലേക്കായി 6.3 ലക്ഷം പേരാണ് മേയ് മൂന്നിന് നടന്ന പരീക്ഷ എഴുതിയത്. ഇതിൽ 44 വിദ്യാർത്ഥികളാണ് ക്രമക്കേട് കാണിച്ചത്. ഹരിയാനയിലെ ഒരു സെന്ററിലാണ് ചോർന്നതായി കണ്ടെത്തിയത്. രൂപ് സിംഗ് ഡാങ്കി എന്നയാൾക്കാണ് ആദ്യം ചോദ്യപേപ്പർ ചോർന്ന് കിട്ടിയത്. സംഭവവുമായി ബന്ധപ്പെട്ട് 12 പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ, രൂപ് സിംഗിനെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.