സൗദി അറേബ്യയില്‍ പൊതുസ്ഥലത്ത് പുകവലി നിരോധിക്കുന്നു

single-img
4 June 2015

Saudiസൗദി അറേബ്യ പൊതുസ്ഥലങ്ങളിലും സര്‍ക്കാര്‍ ഓഫീസുകളിലും പുകവലി നിരോധിക്കുന്നു. നിയമം പരമാവധി ഒരു വര്‍ഷത്തെ സാവകാശമാണ് പ്രാബല്യത്തില്‍ വരാന്‍ അനുവദിച്ചുകൊണ്ട് രണ്ടാഴ്ച മുമ്പ് പുറത്തിറക്കിയ റോയല്‍ കോര്‍ട്ട് വിജ്ഞാപനത്തെ അടിസ്ഥാനമാക്കിയുള്ള നിയമാവലി ആരോഗ്യമന്ത്രാലയം ആറ് മാസത്തിനകം പുറത്തിറക്കും.

സമ്പൂര്‍ണ്ണ പുകവലി നിരോധനം രാജ്യത്ത് നടപ്പിലാക്കുക എന്ന ഉദ്ദേശ്യത്തോടെയുള്ള ഈ പദ്ധതി നടപ്പിലാക്കാന്‍ മറ്റ് വകുപ്പുകളുടെ സഹകരണവും ആരോഗ്യമന്ത്രാലയം തേടും. മന്ത്രാലയങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സ്‌പോര്‍ട്‌സ്, സാംസ്‌കാരിക കേന്ദ്രങ്ങള്‍ എന്നിവയും പൊതുഗതാഗത മാര്‍ഗ്ഗങ്ങളും സര്‍ക്കാര്‍ തൊഴിലിടങ്ങളും പെട്രോള്‍ഗ്യാസ് ഉല്‍പാദന, വിതരണ സ്ഥലങ്ങള്‍, പൊതു ടോയ്‌ലറ്റുകള്‍ എന്നിവയെല്ലാം ഈ നിയമത്തിന്റെ പരിധിയില്‍പ്പെടും.

പ്രസ്തുത നിയമം ലംഘിക്കുന്നവര്‍ക്ക് 200 റിയാലാണ് പിഴ ചുമത്തുക. ഈ നിയമം നടപ്പിലാക്കുന്നതോടൊപ്പം രാജ്യത്ത് പുകയില കൃഷി ചെയ്യുന്നത് കര്‍ശനമായി വിലക്കാനും ഭരണകൂടം ആലോചിക്കുന്നുണ്ട്. മാത്രമല്ല പുകയില ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിക്ക് കൂടുതല്‍ ടാക്‌സ് ഏര്‍പ്പെടുത്താനും നിയമം കൊണ്ടുവരുമെന്നും അധികൃതര്‍ അറിയിച്ചു.