കോസ്റ്റ ഗാർഡ് വിലക്കിയിട്ടും ടി.എന്‍ പ്രതാപന്‍ എം.എല്‍.എയും സംഘവും 15 നോട്ടിക്കല്‍ മൈല്‍ താണ്ടി മത്സ്യബന്ധനം നടത്തി; മീന്‍ എം.എല്‍.എ തന്നെ ഹാര്‍ബറില്‍ ലേലം ചെയ്തു

single-img
4 June 2015

prathapanചാവക്കാട്: കോസ്റ്റ ഗാർഡ് വിലക്കിയിട്ടും ടി.എന്‍ പ്രതാപന്‍ എം.എല്‍.എയും സംഘവും 15 നോട്ടിക്കല്‍ മൈല്‍ താണ്ടി മത്സ്യബന്ധനം നടത്തി. മത്സ്യതൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ടി.എന്‍.പ്രതാപന്‍ പരമ്പരാഗത മത്സ്യതൊഴിലാളികളുമൊത്താണ് കേന്ദ്ര സര്‍ക്കാരിന്റെ ട്രോളിംഗ് നിയമത്തിനെതിരായി ഇന്നലെ കടലില്‍ പോയത്. രാവിലെ 8.15നാണ് ചേറ്റുവ ഹാര്‍ബറില്‍ നിന്ന് പ്രതാപന്‍ വഞ്ചിയില്‍ ആഴക്കടലില്‍ പോയി മീന്‍ പിടിച്ചത്. 15 നോട്ടിക്കല്‍ മൈല്‍ പിന്നിട്ടപ്പോള്‍ കോസ്റ്റ് ഗാര്‍ഡ് മുന്നോട്ടുള്ള യാത്ര തടയാന്‍ ശ്രമിച്ചു.

15 നോട്ടിക്കല്‍ മൈല്‍ പിന്നിട്ടെന്നും കേന്ദ്രഭരണപ്രദേശമായന്നും മൈക്കിലൂടെ കോസ്റ്റ്ഗാര്‍ഡ് മുന്നറിയിപ്പു നല്‍കിയെങ്കിലും എം.എല്‍.എ വിലക്കു ലംഘിച്ച് മുന്നോട്ടു കുതിച്ചു. 12 നോട്ടിക്കല്‍ മൈലിനപ്പുറത്ത് പരമ്പരാഗത മത്സ്യതൊഴിലാളികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതിര്‍ത്തി ലംഘിക്കുന്നവരെ പിടികൂടാന്‍ കേന്ദ്രസര്‍ക്കാര്‍ കോസ്റ്റ് ഗാര്‍ഡിനെ ചുമതലപ്പെടുത്തിയിരുന്നു.

എന്നാല്‍ വിലക്ക് ലംഘിക്കുന്ന തൊഴിലാളികളെ പിടികൂടിയാല്‍ എന്ത് ചെയ്യണമെന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വിവരങ്ങള്‍ നല്‍കിയിരുന്നില്ല. 12 നോട്ടിക്കള്‍ മൈലിനപ്പുറമുള്ള ആഴക്കടല്‍ കേന്ദ്രസര്‍ക്കാരിന്റെ കീഴിലും 12 നോട്ടിക്കല്‍ മൈല്‍ വരെയുള്ള കടല്‍ സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുമാണ്. ജൂണ്‍ ഒന്ന് മുതല്‍ ജൂലയ് 31 വരെയുള്ള 61 ദിവസം ആഴക്കടലില്‍ മീന്‍ പിടിക്കാന്‍ പരമ്പരാഗത മത്സ്യതൊഴിലാളികള്‍ക്കും കേന്ദ്രഗവര്‍മെന്റ് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. 3.15ന് പ്രതാപനും സംഘവും മത്തിയുമായി ചേറ്റുവ ഹാര്‍ബറില്‍ തിരിച്ചെത്തി. മീന്‍ എം.എല്‍.എ തന്നെ ഹാര്‍ബറില്‍ ലേലം ചെയ്തു.