ഏതുവിധേനയും ഗെയില്‍ വാതക പൈപ്പ് ലൈന്‍ പദ്ധതി നടപ്പാക്കുമെന്ന് പറഞ്ഞിട്ടില്ല-മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

single-img
4 June 2015

kunjalikkuttyതിരുവനന്തപുരം: ഏതുവിധേനയും ഗെയില്‍ വാതക പൈപ്പ് ലൈന്‍ പദ്ധതി നടപ്പാക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. ചീഫ് സെക്രട്ടറി ജിജി തോംസന്‍െറ പ്രസ്താവന തള്ളിയ വ്യവസായ മന്ത്രി തന്‍െറ പേര് പരാമര്‍ശിച്ച് വന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ഈ വിഷയത്തില്‍ ജനങ്ങളുടെ ആശങ്ക അകറ്റി സര്‍വകക്ഷിയോഗത്തില്‍ വിഷയം ചര്‍ച്ചചെയ്ത് അഭിപ്രായ സമന്വയമുണ്ടായ ശേഷമേ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകേണ്ടതുള്ളൂവെന്നും അതുവരെ വാതക പൈപ്പ്ലൈന്‍ സര്‍വേ നിര്‍ത്തിവെക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. പ്രധാന പാതകളിലൂടെ പൈപ്പ് ലൈന്‍ വലിക്കാനുള്ള സാധ്യത ആരായുന്നതായും മന്ത്രി അറിയിച്ചു.

എന്ത് തടസ്സമുണ്ടായാലും അത് മറികടന്ന് പദ്ധതി നടപ്പാക്കാനാണ് സംസ്ഥാന സര്‍ക്കാറിന്‍െറ തീരുമാനമെന്നും തടയുന്നവരെ ഒരുവര്‍ഷംവരെ തടവ് ശിക്ഷ കിട്ടാവുന്ന കുറ്റം ചുമത്തി അറസ്റ്റുചെയ്യുമെന്നും ജിജി തോംസണ്‍ കഴിഞ്ഞ ദിവസം പറഞ്ഞത് വിവാദമായിരുന്നു. ബിനാപുരത്ത് ഗെയില്‍ പൈപ്പ്ലൈന്‍ പദ്ധതിയുടെ രണ്ടാംഘട്ടത്തിന് കഴിഞ്ഞ ദിവസം തുടക്കമായിരുന്നു. മലപ്പുറം ജില്ലയില്‍ ഗെയില്‍ വാതകപൈപ്പ് ലൈന്‍ പദ്ധതിക്കെതിരെ വന്‍പ്രക്ഷോഭം നടന്നിരുന്നു.