ഓപ്പറേഷന്‍ അനന്തയ്ക്ക് പിന്നാലെ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ പരസ്യബോര്‍ഡുകള്‍ക്കെതിരെ ഇറങ്ങുന്നു

single-img
3 June 2015

Ananthaജനശ്രദ്ധയാകര്‍ഷിച്ച ഓപ്പറേഷന്‍ അനന്തയ്ക്ക് പിന്നാലെ തലസ്ഥാന നഗരത്തിന്റെ മുഖം വികൃതമാക്കുന്ന പരസ്യബോര്‍ഡുകള്‍ ഒന്നൊഴിയാതെ നശിപ്പിക്കാന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ഇറങ്ങുന്നു. ഇതിനായുള്ള ഉത്തരവ് വൈകാതെ ഇറങ്ങുമെന്ന് പ്രസ്‌ക്ലബിന്റെ ‘മീറ്റ് ദ പ്രസ്സി’ല്‍ അദ്ദേഹം അറിയിച്ചു.

നഗരത്തിന്റെ സൗന്ദര്യം മുഴുവന്‍ നശിപ്പിച്ച് ഒരു നിബന്ധനകളും പാലിക്കാതെ കെട്ടി ഉയര്‍ത്തിയിരിക്കുന്ന പരസ്യബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ ഹൈക്കോടതിവിധിയുണ്ടെങ്കിലും അധികൃതര്‍ അതിന് മുന്‍കൈയെടുക്കുന്നില്ല. എന്നാല്‍ വിധി പാലിക്കാത്തതിനാല്‍ തനിക്കെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പരാതി വന്നുവെന്ന് ജിജി തോംസണ്‍ അറിയിച്ചു. ഇതിനായി ഹൈക്കോടതി അല്പംകൂടി സാവകാശം അനുവദിച്ചിട്ടുണ്ട്.

രാജ്യത്തെ ഏറ്റവും മനോഹരമായ ഈ നഗരം ഈ ബോര്‍ഡുകള്‍ കാരണം വികൃതമായിരിക്കുന്ന അവസ്ഥ കൂടാതെ ഈ ബോര്‍ഡ് മറിഞ്ഞുവീണ് ഒരു കുട്ടി മരിക്കുകപോലും ഉണ്ടായി. അതുകൊണ്ടുതന്നെ ബോര്‍ഡുകള്‍ പിടിച്ചെടുക്കാനുള്ള വിശദമായ പരിപാടി തയ്യാറാക്കി ദിവസങ്ങള്‍ക്കുള്ളില്‍ ഉത്തരവിറങ്ങുമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.

തലസ്ഥാനത്തെ തോടുകള്‍ വീണ്ടെടുക്കല്‍ പദ്ധതിയായ ഓപ്പറേഷന്‍ അനന്ത പൂര്‍ത്തിയാവാന്‍ ഒരു വര്‍ഷം വേണമെന്നും ഏതാണ്ട് 60 കോടി രൂപ ഇതിനായി ചെലവാകുമെന്നും അദ്ദേഹം അറിയിച്ചു. കൈയേറ്റങ്ങള്‍ ഒഴിപ്പിച്ച് വീണ്ടെടുത്ത തോടുകളില്‍ കമ്പിവേലികള്‍ കെട്ടി അവയെ നടപ്പാതകളാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. തോടുകള്‍ കൂടാതെ തലസ്ഥാനത്തെ കുളങ്ങളും വീണ്ടെടുക്കും. നഗരത്തിലെ എല്ലാ വീടുകളിലും മഴക്കുഴി ഉണ്ടാക്കണമെന്ന് നിര്‍ബന്ധിച്ചാല്‍ തീരുന്നതേയുള്ളൂ തലസ്ഥാനത്തെ വെള്ളപ്പൊക്ക- കുടിവെള്ള പ്രശ്‌നമെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു.