എം.എസ്‌.എം കോളജില്‍ അധ്യാപക-വിദ്യാര്‍ഥി സംഘര്‍ഷത്തിൽ നിരവധി പേർക്ക് പരിക്ക്‌

single-img
3 June 2015

msmകായംകുളം: എം.എസ്‌.എം കോളജില്‍ അധ്യാപക-വിദ്യാര്‍ഥി സംഘര്‍ഷത്തിൽ നിരവധി പേർക്ക് പരിക്ക്‌. പ്രിന്‍സിപ്പല്‍ ഷേക്ക്‌ അഹമ്മദ്‌, വൈസ്‌ പ്രിന്‍സിപ്പല്‍ ഡോ.സോമന്‍പിള്ള, അധ്യാപകരായ ഹര്‍ഷ, ഡോ.ബിജു, ഡോ.ആമിന, അന്‍വര്‍, റംഷാദ്‌, ഡോ.റസിയ, ഡോ.സുഷമ, ഡോ.പത്മകുമാര്‍, വിദ്യാര്‍ഥി സംഘടനാ നേതാക്കളായ അഫ്‌സിന്‍, വൈശാഖ്‌, ബരീറ, ഇജാസ്‌, ഹരിജിത്ത്‌, മഹേഷ്‌, അഷ്‌കര്‍ എന്നിവര്‍ക്കാണ്‌ പരുക്കേറ്റത്‌.

ഇവരെ താലൂക്ക്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൈക്കോടതി വിധി അനുസരിച്ച്‌ കോളജില്‍ രാഷ്‌ട്രീയം നിരോധിച്ചിരിക്കുകയാണ്‌. ഇതിനെതിരേ വിദ്യാര്‍ഥി സംഘനകള്‍ രംഗത്തുവന്നതാണ്‌ അക്രമത്തില്‍ കലാശിച്ചത്‌. കഴിഞ്ഞ ദിവസം രാവിലെ വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകര്‍ കോളജില്‍ നടത്തി കാമ്പയിന്‍ അധ്യാപകര്‍ വിലക്കിയിരുന്നു. തുടര്‍ന്ന്‌ പ്രിന്‍സിപ്പല്‍ മൈക്കിലൂടെ വിദ്യാര്‍ഥികളോട്‌ വിവരം ധരിപ്പിക്കവേ ഒരുസംഘം വിദ്യാര്‍ഥികള്‍ മൈക്ക്‌ തട്ടിയെടുക്കാന്‍ ശ്രമിക്കുകയും മര്‍ദിക്കുകയുമായിരുന്നുവെന്ന്‌ പ്രിന്‍സിപ്പല്‍ പറഞ്ഞു. 1995-ലെ ഹൈക്കോടതി വിധിയുടെ അടിസ്‌ഥാനത്തില്‍ രാഷ്‌ട്രീയം നിരോധിച്ചത്‌ അംഗീകരിക്കാനാവില്ലെന്ന്‌ വിദ്യാര്‍ഥി സംഘനകള്‍ നേരത്തെ അറിയിച്ചിരുന്നു.

യാതൊരു പ്രകോപനവും കൂടാതെ ഒരുസംഘം അധ്യാപകര്‍ തങ്ങളെ അക്രമിക്കുകയായിരുന്നുവെന്ന്‌ വിദ്യാര്‍ഥി സംഘടനാ നേതാക്കള്‍ ആരോപിച്ചു. വിദ്യാര്‍ഥി നേതാക്കളെ അക്രമിച്ചവര്‍ക്കെതിരേ നടപടി സ്വകീരിക്കണമെന്നും അല്ലാത്തപക്ഷം പ്രക്ഷോഭം ആരംഭിക്കുമെന്നും കെ.എസ്‌.യു നിയോജക മണ്ഡലം പ്രസിഡന്റ്‌ അറിയിച്ചു.