വാഹന പരിശോധനയ്ക്കിടെ ജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് ഡിജിപി

single-img
3 June 2015

Mr. T.P Senkumar IPSതിരുവനന്തപുരം: പൊതു ജനങ്ങളോടുള്ള പോലീസ് ഇടപെടലില്‍ പരിഷ്‌കണവുമായി ഡിജിപി ടി പി സെന്‍കുമാര്‍ രംഗത്തെത്തി. വാഹന പരിശോധനയ്ക്കിടെ ജനങ്ങളോട് ഏതു തരത്തില്‍ മാന്യമായി പെരുമാറണമെന്ന് ഡിജിപി പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നുണ്ട്. വാഹനം ഓടിക്കുന്നയാള്‍ പുരുഷനാണെങ്കില്‍ ‘സര്‍’ എന്നോ ‘സുഹൃത്ത്’ എന്നോ അഭിസംബോധന ചെയ്യണം. സ്ത്രീകളാണെങ്കില്‍ മാഡം എന്നോ സഹോദരിയെന്നോ മാത്രമേ വിളിക്കാന്‍ പാടുള്ളു.

കേസുകളുടെ എണ്ണം തികയ്ക്കാന്‍ മാത്രമാകരുത് പരിശോധന. പിഴ ചുമത്തുകയാണെങ്കില്‍ അത് എന്തുവേണ്ടിയാണെന്ന് ബോധ്യപ്പെടുത്തണമെന്നും സര്‍ക്കുലറിലുണ്ട്.  നിലവില്‍ വാഹന പരിശോധകര്‍ക്കെതിരെ ഒട്ടേറെ പരാതി ഉയരാന്‍ തുടങ്ങിയതോടെയാണ് സെന്‍കുമാര്‍ പരിഷ്‌കരണത്തിന് നിര്‍ദ്ദേശം നല്‍കിയത്. പരിശോധകരെ വെട്ടിച്ച് രക്ഷപ്പെടുന്നതിനിടെ ദുരന്തങ്ങളും പതിവാണ്. ഇത് ഒഴിവാക്കാന്‍ കൂടിയാണ് സര്‍ക്കുലര്‍ പുറത്തിറക്കിയിക്കുന്നത്.

കേരള പോലീസിന്റെ മതിപ്പ് ഉയരുംവിധമാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് അദ്ദേഹം പോലീസുകാരെ ഓര്‍മിപ്പിക്കുന്നു. പരിശോധകര്‍ വാഹന ഉടമകളോട് അമാന്യമായി പെരുമാറരുത്. ആരെയെങ്കിലും ദേഹോപദ്രവം ഏല്‍പ്പിക്കരുത്. ആത്മ നിയന്ത്രണം പാലിക്കണം. പിഴ പിന്നീട് അടയ്ക്കാമെന്നു പറയുന്നവര്‍ക്ക് അതിനുള്ള സാവകാശം നല്‍കണം. സ്ത്രീകളെയും മുതിര്‍ന്ന പൗരന്മാരെയും പരിശോധിക്കുമ്പോള്‍ പ്രത്യേക ശ്രദ്ധവേണമെന്നും ഡിജിപിയുടെ സര്‍ക്കുലറില്‍ പറയുന്നു.